തിരുവനന്തപുരം: പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോര്‍ക്ക കെയ’റിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിങ്കളാഴ്ച മുതല്‍ ഒക്ടോബര്‍ 22 വരെ നീളുന്ന നോര്‍ക്ക കെയര്‍ ഗ്ലോബല്‍ രജിസ്ട്രേഷന് ഡ്രൈവിനും ഔദ്യോഗികമായി തുടക്കമാകും. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ (ദ ഗ്രേറ്റ് ഹാള്‍) വൈകീട്ട് 6.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിക്കും.
നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പും പ്രകാശനം ചെയ്യും. പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ പ്രവാസി കുടുംബത്തിനുള്ള ഇ-കാര്‍ഡ് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന് കൈമാറും. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നോർക്ക റൂട്ട്സ് വൈസ് ചെയര്മാന് എം.എ. യൂസുഫലി, നോർക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോര്‍, ലോകകേരള സഭ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ്, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഒ.വി. മുസ്തഫ, എന്‍.ആര്.ഐ (കെ) കമീഷന് ചെയര്പേഴ്സൻ ജസ്റ്റിസ് (റിട്ട) സോഫി തോമസ് എന്നിവർ സംബന്ധിക്കും.
കേരളത്തിലെ 500ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16,000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസി കേരളീയര്‍ക്ക് കാഷ് ലൈസ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ലോക കേരളസഭയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഈ ആശയത്തിന്റെ സാക്ഷാത്കാരമാണ് നോര്‍ക്ക കെയര്‍.പ്രവാസി കേരളീയര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഒരുക്കും. നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി, എന്‍.ആര്.കെ ഐ.ഡി കാര്‍ഡുള്ള പ്രവാസികള്‍ക്ക് അംഗമാകാം. നവംബർ ഒന്നുമുതൽ പദ്ധതിയുടെ പരിരക്ഷ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.