പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വെള്ളിയാഴ്ച വൈകീട്ട് 6.45ന് ചാറ്റൽമഴ പൊടിയവേ കാലിൽ കിലുക്കവുമായി മൂന്നു ദിവസം പ്രായമുള്ള ആൺകുഞ്ഞ് അമ്മത്തൊട്ടിലിൽ പുതു അതിഥിയായെത്തി. ആലാറംകേട്ട ഉടനെ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപിയും അഡോപ്ഷൻ മാനേജർ സരിതയും സ്നേഹത്തൊട്ടിലിൽ എത്തി കുഞ്ഞിനെയെടുത്ത് പോറ്റമ്മമാരുടെ തുടർസംരക്ഷണത്തിനായി കൈമാറി. കുരുന്നിന് 2.4 കി.ഗ്രാം തൂക്കമുണ്ട്.
നാട്ടിൽ സമത്വവും തുല്യതയും നല്ലമനസ്സും കാത്ത് സൂക്ഷിക്കാനായി സമൂഹത്തിനായുള്ള സന്ദേശമായി പുതിയ കുരുന്നിന് ‘സമൻ’ എന്നു പേരിട്ടതായി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു. കുഞ്ഞിനെ തൈക്കാട് കുട്ടികളുടെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിശോധനയിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാത്തതിനാൽ തിരികെ സമിതി ദത്തെടുക്കൽ കേന്ദ്രത്തിലെത്തിച്ചു.
അമ്മത്തൊടിലിൽ ഈവർഷം ലഭിക്കുന്ന 13മത്തെ കുരുന്നാണ്. സെപ്തംബർ മാസം അമ്മത്തൊട്ടിലിലെ മൂന്നാമത്തെ കുട്ടിയാണ് സമിതിയുടെ സംരക്ഷണയിലേക്ക് എത്തിയത്. ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ട തിനാൽ കുരുന്നിന് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ അടിയന്തിരമായി ബന്ധപ്പെടെണമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.