പ്രതീകാത്മക ചിത്രം
നെടുമങ്ങാട്: നിലനിർത്താൻ എൽ. ഡി. എഫും പിടിച്ചെടുക്കാൻ യു. ഡി. എഫും പോരാട്ടത്തിനൊരുങ്ങുന്ന നെടുമങ്ങാട് താലൂക്കിലെ ചെറിയ ഗ്രാമപഞ്ചായത്തുകളിലൊന്നാണ് പനവൂര്‍. മുന്നണികൾ മാറിമാറിയാണ് പഞ്ചായത്ത് ഭരണത്തിൽ വരുന്നതെങ്കിലും മേൽക്കൈയും കൂടുതൽ കാലം ഭരണം കൈയാളിയതും ഇടതാണ്. 1976ൽ ആനാട് പഞ്ചായത്ത് വിഭജിച്ചാണ് പനവൂർ പഞ്ചായത്ത് രൂപീകരിച്ചത്.പഞ്ചായത്ത് രൂപീകൃതമായിട്ട് അരനൂറ്റാണ്ടോട് അടുത്തെങ്കിലും വികസന കാര്യത്തിൽ പല പ്രദേശങ്ങളും ഇന്നും വളരെ പുറകിലാണ്.അടിസ്ഥാന സൗകര്യ വികസനത്തിലും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിലും ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട്. നിലവിൽ 15 വാർഡുകളുണ്ടായിരുന്ന പഞ്ചായത്തിൽ ഇപ്പോൾ ഒരു വാർഡ് വർധിച്ചു 16 ആയിട്ടുണ്ട്. പഞ്ചായത്ത് അധ്യക്ഷ സ്ഥാനം വനിതാ സംവരണമായിരുന്നത് മാറി ജനറലായി. നിലവിലെ ഭരണസമിതിയിൽ എല്‍.ഡി.എഫ്- 8 യു.ഡി.എഫ് -4 ബി.ജെ.പി -2 എസ്.ഡി.പി.ഐ - 1 എന്നിങ്ങനെയായിരുന്നു കക്ഷിനില.
അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 26 കോടി ചെലവഴിച്ച് 65 പുതിയ കോണ്‍ക്രീറ്റ് റോഡുകള്‍ നിര്‍മിച്ചതും എ.ഐ സഹായത്തോടെ ന്യൂനത കൃഷി രീതി ആരംഭിച്ചതും പ്രധാന നേട്ടമാണ്. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഓറിയന്റേഷന്‍ ഉള്‍പ്പെടെ അഞ്ച് വ്യത്യസ്തതരം പ്രോജക്ടുകളില്‍ സമഗ്ര വിദ്യാഭ്യാസ പരിപാടി നടപ്പാക്കി. എല്ലാ സര്‍ക്കാര്‍ സ്കൂളുകളും ഉന്നത നിലവാരത്തിലേക്ക് ഉയർത്തി. പ്രീ പ്രൈമറികളില്‍ വര്‍ണകൂടാരം ഒരുക്കി. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പൊതു ജനസൗഹൃദമാക്കി. ഫാര്‍മസിയില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് രണ്ട് കോടി രൂപ ചെലവഴിച്ചു. ആരോഗ്യ കേരള പുരസ്കാരം, കായ കല്പ പുരസ്കാരം, സമ്പൂര്‍ണ ടിബി മുക്ത പഞ്ചായത്ത് അവാര്‍ഡുകള്‍ കരസ്ഥമാക്കി. വയോജനങ്ങള്‍ക്കായി ‘വയോ സൗഹൃദ ഗ്രാമം’പദ്ധതി ആവിഷ്കരിച്ചു. പ്രതിമാസ ആരോഗ്യ പരിശോധനയും പോഷകാഹാര വിതരണവും ഉറപ്പാക്കി. മാനസിക ഉല്ലാസയാത്രകള്‍ സംഘടിപ്പിച്ചു. ഭിന്നശേഷി കുട്ടികള്‍ക്ക് വിവിധ പദ്ധതികള്‍ നടപ്പിലാക്കി. 4000 കുടുംബങ്ങള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ ലഭ്യമാക്കി. പേരയം ചന്തയില്‍ പുതിയ എം.സി.എഫ് സ്ഥാപിച്ചു. എല്ലാ പ്രദേശങ്ങളിലും പുതിയ എല്‍.ഇ.ഡി ലൈറ്റുകള്‍, മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു.
പഞ്ചായത്തിൽ കഴിഞ്ഞ അഞ്ച് വര്‍ഷം വികസന മുരടിപ്പിന്റേയും അഴിമതിയുടേയും നാളുകളായിരുന്നു. ലൈഫ് ഭവന പദ്ധതിപ്രകാരം ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ജനറല്‍ വിഭാഗത്തിലുള്ളവർക്കും ഒരു വീടു പോലും നല്കാന് കഴിഞ്ഞില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ അഴിമതിയും ഓഡിറ്റില്‍ ക്രമക്കേടും കണ്ടെത്തി.വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാനോ സ്വന്തം ഭൂമിയില്ലാത്ത അങ്കണവാടികള്‍ക്ക് വസ്തു കണ്ടെത്താനോ കഴിഞ്ഞില്ല. ഹരിത കര്‍മ സേന വാഹനം ഉപയോഗശൂന്യമായി കിടക്കുന്നു. പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിയില്‍ ആവശ്യത്തിന് സ്റ്റാഫിനെ വയ്ക്കാനോ മരുന്ന് എത്തിക്കാനോ കഴിഞ്ഞില്ല. തെരുവ് നായ്ക്കളുടെയും കാട്ടുപന്നിയുടെയും ശല്യം അകറ്റാന്‍ ഒരു പദ്ധതിയുമില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് നവീകരണം സാധ്യമാക്കാനായിട്ടില്ല. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒരുപദ്ധതിയും ഭരണസമിതിക്ക് നടപ്പിലാക്കാനായില്ല. രാഷ്ട്രീയ വൈരം പുലർത്തി അടൂര്‍ പ്രകാശ് എം.പിയുടെ ഫണ്ടിൽ നിന്നുള്ള മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് അനുമതി നല്കുന്നതില് വീഴ്ച വരുത്തി അതുകൂടി നഷ്ടപ്പെടുത്താനാണ് ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.