തദ്ദേശ തെരഞ്ഞെടുപ്പ്; ഇടത് ചേർന്നൊഴുകുമോ അരുവിക്കര

നെടുമങ്ങാട്: തലസ്ഥാന നഗരിക്കും സമീപ പഞ്ചായത്തുകളിലും കുടിനീരെത്തിക്കുന്ന അരുവിക്കരയൊഴുകുന്നത് കൂടുതലും ഇടതുചേർന്ന്. പഞ്ചായത്ത് രൂപവത്കരണത്തിന്ശേഷം യു.ഡി.എഫ് ഭരിച്ചത് വളരെകുറച്ചു കാലം. അധികമൊന്നും ഇളകാത്ത കോട്ട നിലനിർത്താൻ എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും പോരാടുമ്പോൾ ശക്തി തെളിയിക്കാൻ ബി.ജെ.പിയും സജീവമായുണ്ട്.

തലസ്ഥാന നഗരിയോടും നെടുമങ്ങാട് നഗരസഭയോടും ചേർന്നുകിടക്കുന്ന ജില്ലയിലെ വലിയ പഞ്ചായത്തുകളിലൊന്നാണ് അരുവിക്കര. ശുദ്ധജല സംഭരണിയും അരുവിക്കര വിനോദ സഞ്ചാര കേന്ദ്രവും ജില്ലയിൽകൂടുതൽ കരിങ്കൽ ക്വാറികളും പ്രവർത്തിക്കുന്നത് ഇവിടെയാണ്.

കർഷകരും സാധാരണക്കാരുമായ ജനങ്ങളാണ് അധികവും വസിക്കുന്നത്. തലസ്ഥാനത്തോടടുത്താണ് കിടപ്പെങ്കിലും ഇന്നും അവികസിത മേഖലകളാണ് ഭൂരിഭാഗം പ്രദേശങ്ങളും. മറ്റിടങ്ങളിലേക്ക് കുടിവെള്ളം നൽകുന്ന പഞ്ചായത്താണെങ്കിലും അരുവിക്കരയിലെ പലയിടത്തും ഇന്നും കുടിവെള്ള ക്ഷാമം രൂക്ഷമാണ്.

പഞ്ചായത്തിന്റെ സുവർണ കാലം

പഞ്ചായത്തിലെ സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് മുറികൾ സജ്ജീകരിച്ച് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. സ്വന്തമായി കെട്ടിടമുള്ള 24 അംഗൻവാടികളിൽ ചുറ്റുമതിൽ നിർമിച്ച് കളിസ്ഥലമൊരുക്കി. ത്രീ ജി ക്ലാസ് മുറികളും നിർമിച്ചു.

പഞ്ചായത്തിലെ അതിദരിദ്രർക്കു വേണ്ടി മൈക്രോപ്ലാനുകൾ തയാറാക്കി അവരെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടു. വീട് നവീകരണം ആവശ്യമുള്ളവർക്ക് നവീകരിച്ചു നൽകി. ഭൂമിയില്ലാത്തവർക്ക് ഭൂമി വാങ്ങി നൽകി. കൊറ്റാമലയിൽ 1.2 കോടി രൂപ ചെലവിൽ വാതക ശ്മശാനത്തിന്‍റെ നിർമാണം നടന്നുവരുന്നു.

കോക്കോതമംഗലത്തെ മാവുകോണത്ത് 55 ലക്ഷം രൂപ മുടക്കി ആശുപത്രി നിർമിച്ചു. ആയുർവേദ ആശുപത്രിക്ക് വേണ്ടി എട്ടു ലക്ഷം രൂപ മുടക്കി വസ്തു വാങ്ങി. സിദ്ധ ആശുപത്രിക്ക് സ്വന്തമായി മന്ദിരം നിർമിച്ചു. നോൺ റോഡ് ഇനത്തിൽ 12 കോടി രൂപയും റോഡിനത്തിൽ 6.5 കോടി രൂപയും ചെലവഴിച്ചു പഞ്ചായത്തിലെ റോഡുകൾ ടാർ ചെയ്തും കോൺക്രീറ്റ് ചെയ്തും സംരക്ഷിച്ചു.

അഴീക്കോട് ജങ്ഷനിൽ ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി പ്രകാരം വഴിയോര വിശ്രമകേന്ദ്രം സ്ഥാപിച്ചു. പഞ്ചായത്തിലെ യുവതലമുറയുടെ ആവശ്യപ്രകാരം കായിക പരിശീലനത്തിനായി സ്റ്റേഡിയം നിർമിച്ചു നൽകി. പഞ്ചായത്തിൽ സമ്പൂർണ വൈദ്യുതീകരണവും കുടിവെള്ള വിതരണവും നടപ്പിലാക്കി. പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികൾക്കായി ബഡ്സ് സ്കൂളും, വൃദ്ധജനങ്ങൾക്കായി പകൽവീടും സ്ഥാപിച്ചു.

വികസന ഫണ്ട് ഇനത്തിൽ 20 കോടി രൂപയുടെയും എൻ.ആർ.ഇ.ജി.എസ്. പദ്ധതി പ്രകാരം 6.5 കോടി രൂപയുടെയും വികസനം നടപ്പാക്കി. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി വർഷംതോറും 55 ലക്ഷം രൂപ ചെലവിൽ വിവിധങ്ങളായ ആരോഗ്യ പദ്ധതികൾ നടപ്പിലാക്കി വരുന്നു.

- ആ​ർ. ക​ല (പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്)

വികസനമില്ലായ്മയുടെ അഞ്ചു വർഷം

വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ പക്ഷപാതിത്വം കാട്ടി. ഫണ്ടുകൾ കൂടുതലും പ്രസിഡന്‍റിന്റെയും ഭരണകക്ഷി അംഗങ്ങളുടെയും വാർഡുകളിലാണ് ചെലവഴിച്ചത്. മറ്റു വാർഡുകളുടെ സ്ഥിതി ദയനീയമായി. കൊക്കോതമംഗലം മാവുകോണത്ത് ആരംഭിച്ച ആശുപത്രിയിൽ പഞ്ചായത്തിന് ഒരു പങ്കുമില്ല. കേന്ദ്രസർക്കാരിന്‍റെ ആയുഷ്മന്ദിർ പദ്ധതിയാണ്. പദ്ധതിക്ക് 55 ലക്ഷം രൂപ ലഭിച്ചെങ്കിലും 35 ലക്ഷം രൂപ മാത്രമേ ചെലവഴിച്ചുള്ളൂ.

ഡി.പി.സി. അംഗീകരിച്ച പദ്ധതികൾ പോലും സമയബന്ധിതമായി പൂർത്തിയാക്കാൻ ഭരണസമിതിക്കായില്ല. പല പദ്ധതികളും സ്പില്‍ ഓവറാക്കി. ഇത്തരത്തിൽ വികസനം മുരടിച്ച അഞ്ചുവർഷമാണ് കടന്നുപോയത്. പഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ ഗ്രാമമായി പ്രഖ്യാപിച്ചെങ്കിലും ശുചീകരണ പ്രവർത്തനങ്ങളെല്ലാം മന്ദഗതിയിലാണ്. ഇതു കാരണം തെരുവുനായ്കളുടെ ശല്യം രൂക്ഷമായി. തെരുവുനായ്കൾ കാരണം അരുവിക്കര ജങ്ഷനിൽ പോലും നടക്കാൻ പറ്റാത്ത അവസ്ഥയാണ്.

സമ്പൂർണ്ണ കുടിവെള്ള പദ്ധതി നടപ്പിലാക്കിയെന്ന് അവകാശപ്പെടുമ്പോഴും പഞ്ചായത്തിൽ പല പ്രദേശങ്ങളിലും കുടിവെള്ളത്തിനു വേണ്ടി ജനം പരക്കംപായുന്നു. കൊക്കോതമംഗലത്തെ കൊറ്റാമലയിൽ പൊതുശ്മശാനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പണികൾ മന്ദഗതിയിലാണ്. അടുത്തകാലത്തൊന്നും ശ്മശാനം തുറന്നുകൊടുക്കാൻ കഴിയില്ല. ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി പ്രകാരം അഴിക്കോട് ജങ്ഷനിൽ നിർമിച്ച വഴിയോര വിശ്രമകേന്ദ്രം പണിപൂർത്തിയാക്കാതെ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിലെ 80 ശതമാനം റോഡുകളും പൊട്ടിപ്പൊളിഞ്ഞ് ശോചനീയാവസ്ഥയിലായി. ലൈഫ് മിഷൻ പദ്ധതി പ്രകാരം 10 ശതമാനം വീടുകൾ പോലും പൂർത്തീകരിച്ചു നൽകാൻ ഭരണസമിതിക്കായില്ല. എഗ്രിമെന്‍റ് വെച്ച് പഴയ വീടുകൾ പൊളിച്ചവർ വഴിയാധാരമായ അവസ്ഥയിലാണ്.

ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അരുവിക്കരയിൽ ടൂറിസം വികസനത്തിന് യാതൊരു നടപടിയും കൈക്കൊണ്ടില്ല. ഇരുട്ടിൽ മുങ്ങിയ ഡാമിന്‍റെ പരിസരത്ത് തെരുവുനായ്കളുടെയും സമൂഹിക വിരുദ്ധരുടേയും വിഹാരകേന്ദ്രമാണ്.

- കെ. ​ര​മേ​ഷ് ച​ന്ദ്ര​ൻ (കോ​ൺ​ഗ്ര​സ്‌ പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി നേ​താ​വ്)

Tags:    
News Summary - Kerala local body election 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.