തിരുവനന്തപുരം: യുവസംവിധായിക നയന സൂര്യന്റെ മരണം സംഭവിച്ചത് എപ്പോഴായിരുന്നു എന്നതിൽപോലും വ്യക്തത വരുത്താൻ കേസ് ആദ്യം അന്വേഷിച്ച പൊലീസ് ശ്രമിച്ചില്ലെന്നതിന്റെ തെളിവുകൾ പുറത്ത്.
രാത്രിയാണ് നയന മരിച്ചതായി വിവരം ലഭിച്ച് സുഹൃത്തുക്കൾ ആൽത്തറയിലെ വാടകവീട്ടിലെത്തിയത്. എന്നാൽ, മരണം പകല്‍ സമയത്തായിരുന്നെന്ന് വ്യക്തമാക്കുന്ന നിലയിലാണ് കാര്യങ്ങൾ. മൃതദേഹത്തിന് 18 മണിക്കൂറിലേറെ പഴക്കമുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ പരാമർശമുണ്ട്. പൊലീസിന്റെ പാളിച്ച വ്യക്തമാക്കുന്നതാണിത്.
2019 ഫെബ്രുവരി 23ന് രാത്രി 12 ഓടെയാണ് നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുള്ളത്. മൃതദേഹത്തില്‍ കാല്‍വണ്ണയിലും കാല്‍മുട്ടുകളിലും മാത്രമാണ് മരവിപ്പ് കണ്ടത് എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
മരണശേഷമുണ്ടാകുന്ന ഇത്തരം മരവിപ്പ് ശരീരത്തിലെ മറ്റൊരിടത്തും ഇല്ലെന്ന് എടുത്തുപറയുന്നുണ്ട്. മരണത്തിന് തൊട്ടുപിന്നാലെയാണെങ്കിൽ മൃതശരീരത്തിന്റെ മരവിപ്പ് മണിക്കൂറുകളോളമുണ്ടാകും.
എന്നാല്‍, കാല്‍വണ്ണയിലും മുട്ടുകളിലും മാത്രം ഇത് പ്രകടമായത് മരണം നടന്ന് മണിക്കൂറുകളായെന്ന സൂചന നൽകുന്നതാണ്. എന്നാൽ, മരണം നടന്ന ഏകദേശ സമയവും മറ്റും പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് ഡോക്ടറോട് മൊഴിയെടുത്ത ഘട്ടത്തില്‍പോലും അന്ന് കേസന്വേഷിച്ച പൊലീസ് മരണസമയം ചോദിച്ചറിഞ്ഞില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഫോണ്‍ വിളിച്ചിട്ട് എടുക്കാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് വെള്ളയമ്പലം ആല്‍ത്തറ നഗറിലെ താമസ സ്ഥലത്തെ മുറിക്കുള്ളില്‍ മരിച്ചനിലയില്‍ നയനയെ കാണുന്നത്.
ഇവരാണ് ആശുപത്രിയിലെത്തിച്ചത്. നയന കിടന്ന മുറിയുടെ വാതില്‍ ശക്തിയായി തള്ളിത്തുറക്കുകയായിരുന്നു എന്നാണ് സുഹൃത്തുക്കളുടെ മൊഴി. നയനയുടെ കഴുത്തിനു ചുറ്റും ഉരഞ്ഞുണ്ടായ നിരവധി മുറിവുകള്‍ ഉള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടില്‍ കൃത്യമായി എഴുതിയിട്ടുണ്ട്. അടിവയറ്റില്‍ ചവിട്ടേറ്റതിന് സമാനമായ ചതവും ആന്തരികാവയവങ്ങള്‍ പൊട്ടി രക്തസ്രാവവും ഉണ്ടായി. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്രയും ഗൗരവമുള്ള സംഭവം ആയിട്ടും പൊലീസ് ഏകദേശ മരണസമയംപോലും അന്വേഷിക്കാന്‍ ശ്രമിച്ചില്ല എന്നത് മരണത്തിലെ ദൂരൂഹത വർധിപ്പിക്കുന്നു.
അതിനിടെ ഇപ്പോൾ കേസന്വേഷിക്കുന്ന എസ്.പി എസ്. മധുസൂദനന്റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലെ ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുപ്പ് നടപടികൾ തുടരുകയാണ്. നയനയുടെ സുഹൃത്തുക്കളുടെയും അയൽവാസികളുടെയും മൊഴിയാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.