റീജന്‍റ് ക്ഷാമം; മെഡിക്കൽ കോളജിൽ പരിശോധനകൾ മുടങ്ങുന്നു
തിരുവനന്തപുരം: രോഗ നിർണയത്തിനായുള്ള റീജന്റ് ക്ഷാമം മൂലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പല ലാബ് പരിശോധനകളും മുടങ്ങുന്നത് പതിവാകുന്നു. ബയോ കെമിസ്ട്രി, ക്ലിനിക്കൽ പത്തോളജി, മൈക്രോ ബയോളജി എന്നിവിടങ്ങളിലെ പരിശോധനകളാണ് മുന്നറിയിപ്പില്ലാതെ നിലക്കുന്നത്. പരിശോധനകൾക്ക് ആവശ്യമായ കെമിക്കലുകൾ ലഭ്യമല്ലാത്ത സാഹചര്യമുണ്ടായാൽ രണ്ടോ മൂന്നോ ദിവസത്തേക്ക് മറ്റിടങ്ങളിൽ നിന്ന് എത്തിച്ചാണ് നിലവിൽ പ്രതിസന്ധിക്ക് പരിഹാരം കാണുന്നത്.
അത് കൃത്യമായി നടക്കുന്നില്ലെന്നാണ് പരാതി. അതേസമയം, റീജന്റ് ക്ഷാമം പരിശോധനകളെ ബാധിച്ചിട്ടില്ലെന്നും ഏതെങ്കിലും റീജന്റ് തീരാനുള്ള സാഹചര്യം ഉണ്ടായാൽ എച്ച്.ഡി.എസ് മുഖേന റീജന്റ് കിറ്റുകൾ സമയബന്ധിതമായി ലഭ്യമാക്കുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. റീജന്‍റ് ക്ഷാമം കാരണം പല പരിശോധനകളും പുറത്ത് ലാബുകളിലേക്ക് അയക്കുന്നതും പതിവായി. മെഡിക്കൽ കോളജുകളിൽ ചികിത്സ തേടി എത്തുന്നവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് സൗജന്യമായോ വളരെ ചെറിയ തുക നൽകിയോ ആശുപത്രികളിൽ നിന്ന് ഈ പരിശോധനകൾ നടത്താൻ സാധിക്കും.
പരിശോധനകൾ മുടങ്ങിയതോടെ സൗജന്യ ചികിത്സ തേടി എത്തിയവരും ബുദ്ധിമുട്ടിലായി. സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നു. നിലവിൽ ആവശ്യമായ പരിശോധന കിറ്റുകൾ മെഡിക്കൽസർവീസസ് കോർപറേഷൻ മുഖേന മെയിൻ സ്റ്റോറിൽ നിന്ന് ലഭ്യമാക്കുന്നുണ്ടെന്നും ആവശ്യമായ എല്ലാ പരിശോധനകളും ആശുപത്രി കെട്ടിടത്തി നുള്ളിൽ പ്രവർത്തിക്കുന്ന എച്ച്.ഡി.എസ്/എ.സി.ആർ ലാബുകളിലായി ലഭ്യമായതിനാൽ റീജന്റ് ലഭ്യമല്ലെന്ന കാരണത്താൽ രോഗികളെ സ്വകാര്യ ലാബുകളിലേക്ക് പരിശോധനക്കായി അയക്കുന്ന സാഹചര്യമില്ലെന്നും സൂപ്രണ്ട് വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.