തിരുവനന്തപുരം: റെയിൽവേയുടെ ഓൺലൈൻ പ്ലാറ്റ്ഫോം വഴിയുള്ള ടിക്കറ്റ് ബുക്കിങ്ങിൽ പണം നഷ്ടപ്പെടുന്നത് വർധിക്കുന്നു. ജനറൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള യു.ടി.എസ് ആപ്പിലാണ് ദുരനുഭവം ഏറെ.
ഓൺലൈൻ നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി പണം അടച്ചാലും കൺഫേം ടിക്കറ്റ് ലഭിക്കുന്നില്ലെന്നതാണ് പ്രശ്നം. പണം അക്കൗണ്ടിൽനിന്ന് പോകുമെങ്കിലും ദിവസങ്ങൾ പിന്നിട്ടാലും റീ ഫണ്ട് ആവുകയുമില്ല. ടിക്കറ്റ് ബുക്കിങ് ഹിസ്റ്ററി പരിശോധിക്കുമ്പോഴാകട്ടെ ഇങ്ങനെ ഒരു ഇടപാട് നടന്നുവെന്ന വിവരവുമില്ല. ദുരനുഭവം ആവർത്തിച്ചതോടെ പലരും യു.ടി.എസ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ മടിക്കുകയാണ്. ഇതോടെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെയടക്കം കൗണ്ടറുകളിൽ തിരക്ക് വർധിച്ചിട്ടുണ്ട്.
യു.ടി.എസിൽ മാത്രമല്ല, ഐ.ആർ.ടി.സി.ടി.സി വഴിയുള്ള ബുക്കിങ്ങിനെക്കുറിച്ചും സമാന പരാതികളുണ്ട്. തത്കാൽ ടിക്കറ്റ് എടുക്കുന്നവരാണ് കുടുങ്ങുന്നതിൽ അധികവും. ടിക്കറ്റ് ലഭിക്കുന്നില്ലെന്ന് മാത്രമല്ല, പണം നഷ്ടമാവുകയുമാണ്. ഒരു മാസം പിന്നിട്ടിട്ടും തുക റീഫണ്ടാകുന്നില്ലെന്നാണ് പരാതി. ഉയർന്ന നിരക്ക് ഈടാക്കുന്ന തത്ക്കാലിലാണ് ഈ സ്ഥിതി. കൺഫോം ആയ ടിക്കറ്റുകൾ റദ്ദാക്കിയാലും റീഫണ്ട് അനിശ്ചിതമായി വൈകുകയാണ്.
അതേസമയം സംവിധാനത്തിന് പോരായ്മയില്ലെന്നും ഒറ്റപ്പെട്ട പ്രശ്നമായിരിക്കുമെന്നാണ് റെയിൽവേയുടെ വിശദീകരണം. തത്ക്കാലിനായി ശ്രമിക്കുമ്പോൾ 150ഉം 170ഉം ടിക്കറ്റ് ‘അവയിലബിൾ’ എന്ന് കാണിക്കും. ടിക്കറ്റ് തെരഞ്ഞെടുത്ത് ഓൺലൈൻ ഇടപാട് വഴി പണം നൽകികഴിയുമ്പോഴാകട്ടെ ‘വെയിറ്റിങ് ലിസ്റ്റ്’ ആവുന്ന സ്ഥിതിയുമുണ്ട്.
ഓൺലൈനായുള്ള ടിക്കറ്റെടുക്കൽ കൂടി എന്ന കാരണം ചൂണ്ടിക്കാട്ടി കൗണ്ടറുകളുടെ എണ്ണം വ്യാപകമായി വെട്ടിക്കുറക്കുകയാണ്. തിരുവനന്തപരും ഡിവിഷനിന് കീഴിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ജങ്ഷൻ, എറണാകുളം ടൗൺ, ആലുവ, തൃശൂർ എന്നിവിടങ്ങളിലായി 143 ടിക്കറ്റ് കൗണ്ടറുകളാണുണ്ടായിരുന്നത്. എന്നാൽ ഇപ്പോഴിത് 85 ആയി ചുരുക്കി.
നേരത്തേ റിസർവേഷൻ കൗണ്ടറുകളും ജനറൽ ബുക്കിങ് കൗണ്ടറുകളും വെവ്വേറെയാണ് പ്രവർത്തിച്ചിരുന്നതെങ്കിൽ പലയിടങ്ങളിലും ഇവ രണ്ടും ഒന്നിച്ചണിപ്പോൾ. വിപുലമായ സൗകര്യങ്ങളാണ് നേരത്തെ റിസർവേഷന് എത്തുന്നവർക്കായി സ്റ്റേഷനുകളിൽ ഏർപ്പെടുത്തിയിരുന്നത്. കൗണ്ടറുകളെല്ലാം ഒന്നിച്ചാക്കുന്നതിന്റെ ഭാഗമായി ഇവയെല്ലാം വെട്ടിക്കുറച്ചു. ഇതോടെ സ്റ്റേഷനുകളിലും വലിയ തിരക്കും അസൗകര്യവുമാണ് അനുഭവപ്പെടുന്നത്.
ടിക്കറ്റ് വിൽപനയിലൂടെ മാത്രമല്ല, ടിക്കറ്റ് റദ്ദാക്കലിലൂടെയും റെയിൽവേ കൊയ്യുന്നത് കോടികളാണെന്നാണ് കണക്ക്. ടിക്കറ്റ് റദ്ദാക്കുമ്പോൾ ഈടാക്കുന്ന തുക ഇരട്ടിയാക്കിയും കൺേഫാം ടിക്കറ്റുകൾ റദ്ദാക്കാനുള്ള സമയപരിധി വെട്ടിച്ചുരുക്കിയതുമായിരുന്നു റെയിൽവേയുടെ ഏറ്റവും ഒടുവിലെ പരിഷ്കാരം. ഇത് യാത്രക്കാരന്റെ പോക്കറ്റ് പിഴിയുകയാണ്. ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പുവരെ റദ്ദ് ചെയ്യുന്ന ടിക്കറ്റുകൾക്കേ നിലവിൽ പണം തിരികെ ലഭിക്കൂ.
ട്രെയിൻ പുറപ്പെട്ട് രണ്ട് മണിക്കൂർ കഴിഞ്ഞുവരെ ടിക്കറ്റ് റദ്ദാക്കിയാൽ പകുതി തുക വരെ നേരത്തേ ലഭ്യമായിരുന്നു. ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുമ്പുള്ള ടിക്കറ്റ് റദ്ദാക്കലുകൾക്ക് മിനിമം നിരക്ക് എന്ന പേരിലാണ് റെയിൽവേയുടെ പോക്കറ്റടി. ഏത് തരം കോച്ചായാലും വെയിറ്റിങ് ലിസ്റ്റിൽപെടുകയും പിന്നീട് റദ്ദാക്കേണ്ടി വരികയും ചെയ്താൽ 60 രൂപ നഷ്ടപ്പെടുകയാണ്. നേരത്തെ സെക്കൻഡ് ക്ലാസുകളിൽ ഇത് 30 രൂപ മാത്രമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.