പ്ര​ഫ​. ഡോ. ​എം.​വി. നാ​രാ​യ​ണൻ

ഗവർണർ വഴങ്ങി; കാലടിക്ക് വി.സിയായി

തിരുവനന്തപുരം: സർക്കാർ നോമിനിയെ തന്നെ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ്ചാൻസലറായി നിയമിച്ച് ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിട്ടു. കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വിഭാഗം പ്രഫസർ ഡോ. എം.വി. നാരായണനെയാണ് വി.സിയായി നിയമിച്ചത്. വി.സി നിയമനത്തിനായി രൂപവത്കരിച്ച സെർച്ച് കമ്മിറ്റി എം.വി. നാരായണന്‍റെ പേര് മാത്രം കഴിഞ്ഞ ഡിസംബർ ഏഴിന് ഗവർണർക്ക് സമർപ്പിച്ചിരുന്നു. എന്നാൽ മൂന്ന് പേരുടെ പാനൽ വേണമെന്ന ആവശ്യം ഉയർത്തി ഗവർണർ ശിപാർശ അംഗീകരിച്ചില്ല. പിന്നീടാണ് കണ്ണൂർ വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതിലെ ചട്ടവിരുദ്ധതയും സർക്കാർ സമ്മർദവും ഉൾപ്പെടെ ഗവർണർ തുറന്നുപറഞ്ഞതും ഇത് ഗവർണർ -സർക്കാർ ഏറ്റുമുട്ടലിലേക്ക് വഴിതുറന്നതും. ചാൻസലർ പദവി ഒഴിയുകയാണെന്ന പ്രഖ്യാപനം വരെ നടത്തിയിരുന്നു.

പിന്നീട് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഗവർണർ ചാൻസലർ എന്ന നിലയിൽ പ്രവർത്തിക്കാൻ തുടങ്ങി. 2018ലെ യു.ജി.സി െറഗുലേഷൻ പ്രകാരവും 1994ലെ കാലടി സർവകലാശാല ആക്ട് 24(3) സെക്ഷൻ പ്രകാരവും ചാൻസലറായ ഗവർണർ പ്രഫ. എം.വി. നാരായണനെ വൈസ് ചാൻസലറായി നാല് വർഷത്തേക്ക് നിയമിക്കുന്നുവെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.

മൂന്നുപേരുടെ പാനൽ സമർപ്പിക്കണമെന്ന നിലപാടിൽനിന്ന് ഗവർണർ പിന്മാറിയതോടെയാണ് സർക്കാർ നേരേത്ത നിർദേശിച്ച പേര് തന്നെ വി.സി സ്ഥാനത്തേക്ക് വന്നത്. ഡോ. നാരായണൻ തൃശൂർ പുറനാട്ടുകര സ്വദേശിയാണ്. 2010 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ പ്രഫസറാണ്. ജപ്പാനിലെ മിയാസാക്കി ഇന്‍റർനാഷനൽ കോളജിലും അധ്യാപകനായിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച കമീഷനിൽ അംഗമാണ്.

കാലടി സർവകലാശാല വിദേശ ഭാഷ വിഭാഗം ഡീനും അക്കാദമിക് കൗൺസിൽ അംഗവുമാണ്. കാലിക്കറ്റ് സര്‍വകലാശാല എജുക്കേഷനല്‍ മള്‍ട്ടി മീഡിയ റിസര്‍ച്ച് സെന്‍റർ ഡയറക്ടര്‍, ഇംഗ്ലീഷ് വിഭാഗം തലവൻ, യു.എ.ഇയിലെ യൂനിവേഴ്സിറ്റി ഓഫ് ഷാർജ, യു.കെയിലെ യൂനിവേഴ്സിറ്റി ഓഫ് എക്സെറ്റർ, തൃശൂർ സെന്‍റ് തോമസ് കോളജ് എന്നിവിടങ്ങളിൽ ഇംഗീഷ് വിഭാഗം െലക്ചററായിരുന്നു. 

Tags:    
News Summary - Kalady became VC Prof. M.V. Narayanan was appointed and ordered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.