പ​ട്ട​ത്തെ ഇ​ന്‍റ​ലി​ജ​ന്‍സ് ആ​സ്ഥാ​നം

ഇൻറലിജൻസ് ആസ്ഥാന കെട്ടിടം വെള്ളാനയാകുമോ?

തിരുവനന്തപുരം: സംസ്ഥാന ഇൻറലിജൻസ് വിഭാഗത്തിനായി കോടികൾ ചെലവഴിച്ച് പണിത ആസ്ഥാന മന്ദിരം വെള്ളാനയാകുന്നു. ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുമാസം പിന്നിട്ടിട്ടും നിർമാണത്തിലെ ആശാസ്ത്രീയതയും ഉന്നത ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും മൂലം പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കാൻ സംസ്ഥാന സ്പെഷല്‍ ബ്രാഞ്ചിനായില്ല.

അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടി കെട്ടിടത്തിനുള്ള അംഗീകാരം ഫയർഫോഴ്സും തടഞ്ഞുവെച്ചതോടെ നഗരത്തിലെ അനധികൃത കെട്ടിടങ്ങളുടെ പട്ടികയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുകയാണ് ആഭ്യന്തരവകുപ്പ് പണികഴിപ്പിച്ച അത്യാധുനിക കെട്ടിടവും.

നിർമാണത്തിലെ ആശാസ്ത്രീയതയെ തുടർന്ന് മഴവെള്ളവും കക്കൂസ് മാലിന്യവും ഓഫിസ് പരിസരത്ത് കെട്ടിക്കിടക്കാൻ തുടങ്ങിയതോടെ അടിയന്തര നടപടി ആവശ്യപ്പെട്ട് സംസ്ഥാന ക്രൈം റെക്കോഡ് ബ്യൂറോ എ.ഡി.ജി.പി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി.

2018ലാണ് സംസ്ഥാന പ്ലാന്‍ സ്കീമില്‍ ഉള്‍പ്പെടുത്തി സ്പെഷല്‍ ബ്രാഞ്ചിനുവേണ്ടി ആസ്ഥാനമന്ദിരം നിര്‍മിക്കാന്‍ ഇടത് സർക്കാർ തീരുമാനിച്ചത്. പട്ടത്തെ പൊലീസ് ടെലികമ്യൂണിക്കേഷൻ ആസ്ഥാനത്തിന് മുൻവശത്തെ ഭൂമിയായിരുന്നു ഇതിനായി കണ്ടെത്തിയത്.

ടെലികമ്യൂണിക്കേഷൻ, ട്രാഫിക് പൊലീസ് സ്റ്റേഷൻ, ഫിംഗർ പ്രിൻറ് ബ്യൂറോ, സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ എന്നിവ പ്രവർത്തിക്കുന്ന ഇവിടെ 8.41 കോടി മുടക്കി 38,120 ചതുരശ്ര അടിയില്‍ നാലു നിലകളിലായി പുതിയൊരു കെട്ടിടംകൂടി പണികഴിപ്പിക്കാൻ തീരുമാനിച്ചതിനെതിരെ അന്നുതന്നെ സേനക്കുള്ളിൽ വിമർശനമുയർന്നിരുന്നു.

എന്നാൽ, കോവിഡ് ഭീഷണികൾക്കിടയിൽപോലും നാലുവർഷംകൊണ്ട് നിർമാണം പൂർത്തിയാക്കി, കഴിഞ്ഞ മേയ് 18ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്‍റലിജൻസ് ആസ്ഥാനം നാടിന് സമർപ്പിച്ചു. പക്ഷേ, ഉദ്ഘാടനം നടന്ന് അഞ്ചുമാസമായിട്ടും വൈദ്യുതി കെട്ടിടത്തിലേക്ക് എത്തിയിട്ടില്ലെന്ന് മാത്രം.

വൈദ്യുതി കണക്ഷൻ ലഭിക്കണമെങ്കിൽ ഇനിയും 30 ലക്ഷത്തോളം രൂപ ഖജനാവിൽനിന്ന് ചെലവഴിക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. പൊലീസ് ടെലികമ്യൂണിക്കേഷൻ ആസ്ഥാനത്തോട് ചേർത്ത് നിർമിച്ചതിനാൽ കെട്ടിടത്തിൽ ഒരു തീപിടിത്തമുണ്ടായാൽ പോലും ഫയർഫോഴ്സിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

കെട്ടിടങ്ങൾ തമ്മിൽ അഞ്ച് മീറ്റർ വീതിവേണമെന്ന ചട്ടം നിർമാണത്തിൽ പാലിക്കപ്പെട്ടിട്ടില്ല. ഇതോടെ ഫയർഫോഴ്സിന്‍റെതടക്കമുള്ള വലിയ വാഹനങ്ങൾ കോമ്പൗണ്ടിനുള്ളിലേക്ക് പ്രവേശിക്കില്ല.

അഗ്നിസുരക്ഷയുടെ ഭാഗമായി കെട്ടിടത്തിന് സമീപത്തും അല്ലെങ്കിൽ കെട്ടിടത്തിന് ഉള്ളിലും സ്ഥാപിക്കാറുള്ള ഫയർ ഫൈറ്റിങ് വാട്ടർ ടാങ്കുകൾ പൊലീസ് ടെലികമ്യൂണിക്കേഷൻ കെട്ടിടത്തിന്‍റെ പിറക് വശത്താണ് സ്ഥാപിച്ചിരിക്കുന്നത്.

ഇതും ആശാസ്ത്രീയമാണെന്ന് ജീവനക്കാർ ആരോപിക്കുന്നു. പുതിയ കെട്ടിടത്തിന്‍റെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മഴവെള്ളം ഒഴുകിപ്പോകാനുള്ള ഓടകൾവരെ സ്വകാര്യ നിർമാണ കമ്പനി മണ്ണിട്ട് അടച്ചതോടെ മഴക്കാലത്ത് വൻ വെള്ളക്കെട്ടാണ് ഓഫിസിന് മുന്നിൽ ഉണ്ടാക്കുന്നത്.

പലഘട്ടങ്ങളിലും സെപ്റ്റിക് ടാങ്കിൽ വെള്ളം നിറഞ്ഞ് താഴത്തെ നിലയിലെ ഓഫിസ് പരിസരങ്ങളിൽ ദിവസങ്ങളോളം കക്കൂസ് മാലിന്യം ഒഴുകിനടക്കുന്ന സ്ഥിതിയാണ്. വെള്ളം താഴാതെ ദിവസങ്ങളോളം നിൽക്കുന്നത് 46 വർഷം പിന്നിട്ട പൊലീസ് ടെലികമ്യൂണിക്കേഷൻ ആസ്ഥാനത്തിന് ഭീഷണിയാണെന്നും ബേസ്മെന്‍റിൽ കെ.എസ്.ഇ.ബിയുടെ എർത്ത് ലീക്കേജ് സർക്യൂട്ട് ബോർഡിന്‍റെ പൊക്കത്തിൽ മഴവെള്ളമെത്തുന്നത് 400ഓളം ജീവനക്കാരുടെ ജീവന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന് മുൻ എസ്.സി.ആർ.ബി എ.ഡി.ജി.പി റിപ്പോർട്ട് നൽകിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ സ്വകാര്യ നിർമാണകമ്പനിയോട് അപാകതകൾ അടിയന്തരമായി പരിഹരിക്കാൻ ഡി.ജി.പി ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

Tags:    
News Summary - intelligence headquarters building was not working

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.