തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാബന്ധം സ്ഥിരീകരിച്ച് റിപ്പോർട്ടുകൾ; വകുപ്പുതല അന്വേഷണത്തിനും നിർദേശം. കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്യപ്പെട്ട മൂന്ന് സി.ഐമാർക്കും ഒരു എസ്.ഐക്കുമെതിരെ ഗുരുതര റിപ്പോർട്ടാണ് പൊലീസിലെ ഉന്നതർക്ക് ലഭിച്ചത്. ഗുണ്ട, റിയൽ എസ്റ്റേറ്റ് മാഫിയക്കുവേണ്ടി ഇടനിലക്കാരനായി പ്രവർത്തിച്ചെന്നാണ് റെയിൽവേ സി.ഐ അഭിലാഷിനെതിരായ കണ്ടെത്തൽ. ഇയാളെ ഡി.ജി.പി സസ്പെൻഡ് ചെയ്തു. സി.ഐ ഗുണ്ടകളുടെ പല മദ്യപാന സദസ്സുകളിലും പങ്കെടുത്ത പരാതിയും ലഭിച്ചിട്ടുണ്ട്.
തിരുവല്ലം എസ്.ഐയായിരുന്ന കെ.ആർ. സതീഷിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതിന് പിന്നിൽ ഗുണ്ടാമാഫിയകൾക്ക് വിവരം ചോർത്തി നൽകുന്നെന്ന റിപ്പോർട്ടാണ്. ഒരു കുപ്രസിദ്ധ ഗുണ്ടക്ക് പല വിവരങ്ങളും ഇയാൾ ചോർത്തി നൽകി. പുറമെ ഹണിട്രാപ് കേസിൽ ഉൾപ്പെട്ട പ്രതിയെ രക്ഷപ്പെടാൻ വഴിയൊരുക്കിയെന്ന കണ്ടെത്തലും ഈ ഉദ്യോഗസ്ഥനെതിരെയുണ്ട്. മണ്ണുമാഫിയക്ക് കൂട്ടുനിന്നെന്ന റവന്യൂ അധികൃതരുടെ റിപ്പോർട്ടും ഈ ഉദ്യോഗസ്ഥനെതിരായി.
നേമം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഹണി ചീറ്റിങ് കേസിലെ പ്രതിയെ രാജസ്ഥാനിൽനിന്ന് പിടികൂടി കൊണ്ടുവരുന്നതിനിടെ ഡൽഹി വിമാനത്താവളത്തിൽനിന്ന് പ്രതി രക്ഷപ്പെട്ടതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് തിരുവല്ലം പ്രദേശത്തെ മണ്ണുമാഫിയകളുമായി എസ്.ഐക്ക് ബന്ധമുെണ്ടന്ന് ഉന്നതങ്ങളിലേക്ക് റിപ്പോർട്ട് നൽകിയത്.
തിരുവല്ലം ഭാഗത്ത് കുന്നിടിച്ച് മണ്ണെടുക്കുന്നതായ പരാതിയെ തുടർന്ന് റവന്യൂ അധികൃതർ സ്റ്റോപ് മെമ്മോ നൽകുന്നതിന് തിരുവല്ലം എസ്.ഐയുടെ സഹായം തേടിയെങ്കിലും എസ്.ഐ മണ്ണ് മാഫിയകളെ സഹായിച്ചു. ഇതുസംബന്ധിച്ച റിപ്പോർട്ട് ജില്ല പൊലീസ് മേധാവി ഡി.ജി.പിക്ക് കൈമാറിയിരുന്നു. മാഫിയ സംഘങ്ങളുമായി എസ്.ഐക്ക് ബന്ധമുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാണെന്നും ആ സാഹചര്യത്തിൽ സസ്പെൻഷനിലുള്ള എസ്.ഐ സതീഷിനെതിരെ ൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ എൻ. വിജുകുമാറിനെ ചുമതലപ്പെടുത്തി എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ഉത്തരവ് പുറപ്പെടുവിച്ചു. നേമം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഒരുസംഘം നടത്തിയ ഹണി ചീറ്റിങ്ങിൽ വിമുക്തഭടൻ ആത്മഹത്യ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിയായ ആദിലിനെ പിടികൂടിയ ശേഷം ഡൽഹി വിമാനത്തവളത്തിൽ എത്തിച്ചപ്പോൾ ഇയാൾ രക്ഷപ്പെട്ടത് സതീഷിന്‍റെയും ഗ്രേഡ് സീനിയർ സി.പി.ഒ ജയകുമാറിന്‍റെയും ഒത്തുകളി മൂലമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിലും സതീഷിനെയും ജയകുമാറിനെയും സസ്പെൻഡ് ചെയ്ത് നിർത്തി വകുപ്പുതല അന്വേഷണത്തിന് ഉത്തരവുണ്ട്.
നാർകോട്ടിക് സെൽ അസി. കമീഷണർ എസ്. സുരേഷ് കുമാറിനെ ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തി രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും എ.ഡി.ജി.പി ഉത്തരവിട്ടു.
ഗുണ്ടകൾക്കെതിരെ കർശനനടപടി സ്വീകരിക്കാതെ അവർക്കായി ഒത്തുകളിച്ചെന്ന ആരോപണമാണ് മംഗലപുരം സി.ഐ എച്ച്.എൽ. സജുഷിനെതിരെയുള്ള സസ്പെൻഷൻ ഉത്തരവിലും റിപ്പോർട്ടിലും വ്യക്തമാക്കിയിട്ടുള്ളത്. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ പ്രവർത്തിച്ച ഗുണ്ടകൾക്കെതിരെ കർശനനടപടി സ്വീകരിച്ചിരുന്നെങ്കിൽ തുടർന്നുള്ള അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാമായിരുന്നെന്നും അതിൽ സി.ഐയുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച വന്നെന്നാണ് എ.ഡി.ജി.പിയുടെ ഉത്തരവിലുള്ളര്.
ഗുണ്ടകളെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ശിപാർശ നൽകുന്നതിൽ സി.ഐ വീഴ്ചവരുത്തിയായും റൂറൽ എസ്.പിയുടെ റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.