തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനും പരിസ്ഥിതി പുനഃസ്ഥാപനത്തിനും ‘വിത്തൂട്ട്’എന്ന നവീന പദ്ധതിയുമായി വനം വകുപ്പ്. മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഭക്ഷണം, കാലിത്തീറ്റ, വെള്ളം (ഫുഡ്, ഫോഡര്‍, വാട്ടര്‍) എന്ന ബൃഹത്പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
ജൂണ്‍ 15 മുതല്‍ ആഗസ്റ്റ് 15 വരെ വിത്തുകള്‍ (വിത്തുണ്ടകള്‍) കേരളമൊട്ടാകെ വിതരണം ചെയ്യും. പദ്ധതിയിലൂടെ വനത്തിലെ ഭക്ഷ്യലഭ്യത വർധിപ്പിക്കുകയും ഇതിലൂടെ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനും കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്.
മണ്ണിന്റെയും കമ്പോസ്റ്റിന്റെയും മിശ്രിതത്തില്‍ പൊതിഞ്ഞ നാടന്‍ സസ്യങ്ങളുടെ വിത്തുകളാണ് വിത്തുണ്ടകളിലുള്ളത്. സൂര്യാതപത്തില്‍ ഉണങ്ങാതെ, വിത്തിനെ സംരക്ഷിച്ച് മുളച്ചുപൊന്തുന്നതിനും സഹായകമാണ് വിത്തുണ്ടകള്‍. മണ്ണ്, ചാണകം, മഞ്ഞള്‍ തുടങ്ങിയവ ചേര്‍ത്തുള്ള ആവരണം വിത്തുണ്ടകള്‍ക്ക് ജീവികളില്‍ നിന്നുള്ള പ്രതിരോധം നല്‍കും.
മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനുപുറമെ, പാരിസ്ഥിതിക സന്തുലനാവസ്ഥക്കും ഗുണനിലവാരം മെച്ചപ്പെടുത്താനും കാലാവസ്ഥ വ്യതിയാനത്തിന്റെ തോത് കുറക്കാനും വിത്തൂട്ട് പദ്ധതിയിലൂടെ കഴിയും. ജൈവിക, അജൈവിക സമ്മര്ദങ്ങളാല് ഇല്ലാതായ വൈവിധ്യം പുനഃസൃഷ്ടിക്കാനും വിത്തുണ്ടകള്‍ വഴിയൊരുക്കും. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്ക്കനുസൃതമായാണ് വിത്തുണ്ടകളിലെ സസ്യ ഇനങ്ങള്‍ നിശ്ചയിക്കുന്നത്. സ്വാഭാവികമായി കാണുന്ന തദ്ദേശീയ ഇനങ്ങളുടെ വിത്തുകള്‍ മാത്രമാണ് വിത്തുണ്ടകളില്‍ ഉപയോഗിക്കുക.
വന്യജീവികള്‍ക്ക് ഭക്ഷണമുറപ്പാക്കുന്ന മുള പോലുള്ള സസ്യങ്ങള്‍, ഫലവൃക്ഷങ്ങള്‍, ഭക്ഷണയോഗ്യമായ പുല്ലുകള്‍, സസ്യങ്ങള്‍, പഴവര്‍ഗ വൃക്ഷങ്ങള്‍ തുടങ്ങിയവക്ക് മുന്‍ഗണന നല്‍കും. വിത്തുണ്ടകള്‍ തയാറാക്കുന്നതിനുള്ള പരിശീലനം വനഗവേഷണ സ്ഥാപനവുമായി ചേര്‍ന്ന് നടത്തും.
വിത്തുണ്ടകള്‍ ഇ.ഡി.സി/ വി.എസ്.എസ് അംഗങ്ങള്‍, കുടുംബശ്രീ/ഹരിത കർമസേനാ പ്രവര്‍ത്തകര്‍, ബി.എം.സി അംഗങ്ങള്‍, എസ്.പി.സി/ എൻ.സി.സി അംഗങ്ങള്‍, സര്‍ക്കാറേതര സംഘടനകള്‍, വിവിധ ക്ലബുകള്‍, സ്കൂളുകള്‍, കോളജുകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ തയാറാക്കി വിതരണം ചെയ്യും.
കാട്ടുതീ ബാധിച്ച പ്രദേശങ്ങള്‍, മണ്ണിടിച്ചിലുണ്ടായ മേഖലകള്‍, തുറന്ന മേല്ച്ചാര്ത്തുള്ള പ്രദേശം, വിദേശ അധിനിവേശ സസ്യങ്ങള്‍ പടര്‍ന്ന മേഖലകള്‍, പ്രവര്‍ത്തനം ഉപേക്ഷിച്ച തോട്ടങ്ങള്‍, ഡാമുകളുടെ കാച്ച്മെന്റ് പ്രദേശം, ആദിവാസികള്‍ കൃഷികഴിഞ്ഞ് ഉപേക്ഷിച്ച മേഖലകള്‍, വാറ്റില്‍, അക്കേഷ്യ തുടങ്ങിയവ നീക്കംചെയ്ത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് വിത്തുണ്ടകള്‍ വിതരണം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.