കാടുമൂടിയ പുത്തൻനട തോട്

അഞ്ചുതെങ്ങ് പഞ്ചായത്തിൽ വെള്ളപ്പൊക്ക ഭീഷണി

ആറ്റിങ്ങൽ: അഞ്ചുതെങ്ങ് പഞ്ചായത്തിലെ വെള്ളപ്പൊക്ക ഭീഷണിക്ക് പരിഹാരം തേടി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ഒരു ചെറിയ മഴ പെയ്താൽപോലും നിരവധി വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയാണ്. അമ്മൻകോവിൽ പിള്ളക്കുവിളാകം, കുന്നുംപുറം, നാഗരുകാവ്, വൈകുണ്ഡം എന്നീ പ്രദേശങ്ങൾ മഴ പെയ്താൽ വെള്ളത്തിനടിയിലാകും.

ഈ പ്രദേശങ്ങളിൽ പെയ്യുന്ന മഴവെള്ളം ഓടകളിലും ചാലുകളിലൂടെ ഒഴുകി പുത്തൻനട തോട്ടിലെത്തി മടവാ പാലം വഴി മീരാൻകടവ് കായലിൽ ചെന്നുചേരും.എന്നാൽ, ഈ തോടുകൾ കൈയേറ്റം മൂലവും മാലിന്യം കൊണ്ടിടുന്നത് കാരണവും പലഭാഗങ്ങളും അടഞ്ഞുകിടക്കുന്ന അവസ്ഥയിലാണ്. തന്മൂലം വെള്ളം ഒഴുകി കായലിൽ പോകുന്നതിന് തടസ്സങ്ങൾ നേരിടുന്നു. തുടർന്നാണ് ഈ പ്രദേശങ്ങളിൽ വെള്ളം കെട്ടുന്നത്.

കഴിഞ്ഞ മഴക്കാലത്ത് മേജർ ഇറിഗേഷൻ ഡിപ്പാർട്ട്മെൻറിലെ ആറ്റിങ്ങൽ ഓഫിസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയർ, അസി. എൻജിനീയർ അടക്കമുള്ള ഉദ്യോഗസ്ഥസംഘം പ്രദേശത്ത് എത്തുകയും ചാലുകളും തോടുകളും മറ്റും നോക്കിക്കാണുകയും ചെയ്തു. എന്നാൽ, തുടർനടപടികൾ ഉണ്ടായില്ല. ഈ മഴക്കാലത്തും ഇവിടെ വെള്ളം കയറി ജനങ്ങൾക്ക് ബുദ്ധിമുട്ടായി.

കോവിഡ് 19 ൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഈ പ്രദേശത്തെ ജനങ്ങൾക്ക് മഴക്കാലം കൂടുതൽ ഭീതി നൽകുന്നു. അടിയന്തരമായി ഈ വിഷയം പരിഹരിക്കുന്നതിന് ഈ തോടുകളുടെ ആഴം കൂട്ടി, സൈഡ് വാൾ നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. പ്രവീൺ ചന്ദ്രയുടെ നേതൃത്വത്തിലാണ്​ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്​.

Tags:    
News Summary - Flood threat in Anchuthengu panchayath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.