കുട്ടികളെ കുരുക്കി ലഹരി സംഘങ്ങള്‍ കൊഴുക്കുന്നു

അമ്പലത്തറ: കുട്ടികളെ കുരുക്കി ലഹരിമാഫിയ സംഘങ്ങള്‍ കൊഴുക്കുന്നു. കുട്ടികളെ വല വീശിപ്പിടിക്കുന്ന ലഹരി മാഫിയ സംഘങ്ങള്‍ പലയിടത്തും സജീവമായതോടെ രക്ഷാകര്‍ത്താക്കളും ഭീതിയിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ് തീരദേശത്തെ ആറാം ക്ലാസ് വിദ്യാർഥിനിയുടെ സ്കൂൾ ബാഗില്‍നിന്ന് അരകിലോ വരുന്ന നിരോധിത ലഹരി ഉല്‍പന്നമായ കൂള്‍ കണ്ടെടുത്തിരുന്നു.

ശുചിമുറികളിൽ നടത്തിയ പരിശോധനയിൽ ഉപയോഗിച്ചശേഷം വലച്ചെറിഞ്ഞ ലഹരി ഉല്‍പന്നങ്ങളുടെ നിരവധി കവറുകള്‍ കണ്ടെത്തുകയും ചെയ്തു. വിവരം പുറത്തുവന്നാൽ സ്കൂളിന്‍റെ യശസ്സിനെ ബാധിക്കുമെന്ന് കണ്ട സ്കൂള്‍ അധികൃതര്‍ പൊലീസിനെയോ എക്സൈസിനെയോ വിവരമറിയിച്ചില്ല.

കുട്ടിക്ക് കൗണ്‍സലിങ് നൽകാനോ മറ്റു കുട്ടികളോട് ജാഗ്രത പാലിക്കാൻ നിർദേശിക്കാനോ സ്കൂൾ അധികൃതർ നടപടികളെടുത്തില്ലെന്നും ആക്ഷേപമുണ്ട്. മറ്റു കുട്ടികള്‍ വഴി വിവരം പുറത്തുവന്നതോടെ പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം സ്കൂളിലെത്തി.

ആരെങ്കിലും കുട്ടിയെ ലഹരി വിതരണത്തിന് ഏൽപിച്ചതാണെന്നോ പരിശോധനക്കിടെ രക്ഷപ്പെടാൻ മറ്റാരെങ്കിലും കുട്ടിയുടെ ബാഗിലേക്ക് ഇത് കൊണ്ടുവന്നിട്ടതാണെന്നോ ഉറപ്പിച്ചിട്ടില്ല. സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ രഹസ്യാന്വേഷണ വിഭാഗം വിവരം കൈമാറിയെങ്കിലും തുടര്‍ന്നുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ പൊലീസ് ഇതുവരെയും തയാറിയിട്ടില്ല.

പൊലീസിന്‍റെ അനാസ്ഥ കുട്ടിയുടെ ബാഗില്‍ ലഹരി വസ്തുക്കളെത്തിച്ച സംഘങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകുന്നു. ലഹരി വില്‍പന കടകളില്‍ പരിശോധന നടത്തിയാല്‍ വലിയ ക്രമസമാധന വിഷയം ഉണ്ടാകുമെന്നും അത്തരം പൊല്ലാപ്പുകള്‍ എന്തിന് വെറുതെയെടുത്ത് തലയില്‍ വെക്കണമെന്നുമാണ് തീരദേശ സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മനോഭാവം.

സ്കൂൾ പരിസരത്തുനിന്ന് ലഹരി വില്‍പനക്കാരെ പിടികൂടിയാല്‍, സ്റ്റേഷനിലെത്തുന്നതിന് മുമ്പുതന്നെ ഇറക്കിക്കൊണ്ടുപോകാന്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രദേശിക നേതാക്കളുടെ നീണ്ടനിരതന്നെ പ്രത്യക്ഷപ്പെടും. രാപകല്‍ വ്യത്യാസമില്ലാതെ തീരദേശവും ബൈപാസും എം.ഡി.എംപോലുള്ള ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന മാഫിയ സംഘങ്ങളുടെ താവളമാണ്.

ടെക്കികള്‍ ഉൾപ്പെടെ പലയിടത്തും നിന്നുള്ള സംഘങ്ങളാണ് മുന്തിയ ഇനം കാറുകളിലും വിലകൂടിയ ബൈക്കുകളിലുമായി ഇത്തരം ലഹരിവസ്തുക്കള്‍ വാങ്ങാനായി എത്തുന്നത്.

ബൈക്ക് റാലി

തിരുവനന്തപുരം: അഴിമതിക്കും ലഹരിക്കും എതിരെയുള്ള ബോധവത്കരണത്തിന്‍റെ ഭാഗമായി സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മോട്ടോർ ബൈക്ക് റാലി സംഘടിപ്പിച്ചു. രാവിലെ 11ന് കവടിയാർ പാലസ് ജങ്ഷനിൽ അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിഭായിയും അവിട്ടം തിരുനാൾ ആദിത്യ വർമയും ചേർന്ന് ഫ്ലാഗ്ഓഫ് ചെയ്തു.

വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, ഐ.ജി എച്ച്. വെങ്കിടേഷ്, വിജിലൻസ് ഇന്റലിജൻസ് വിഭാഗം എസ്.പി ഇ.എസ്. ബിജുമോൻ എന്നിവർ സന്നിഹിതരായിരുന്നു.

വെള്ളയമ്പലം, വഴുതക്കാട്, വിമൻസ് കോളജ്, പനവിള, തമ്പാനൂർ, ചെന്തിട്ട, അട്ടക്കുളങ്ങര, കിഴക്കേകോട്ട, സ്റ്റാച്യു, പാളയം, പിഎംജി- മ്യൂസിയം വഴി കനകക്കുന്നിൽ അവസാനിച്ചു. പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി തുടർന്നും വിവിധ പരിപാടികൾ സംഘടിപ്പിക്കും.

രക്ഷിതാക്കൾ ആവശ്യപ്പെടുന്നവ

അധ്യാപകരെ സേഫ്റ്റി ഓഫിസർമാരായി ചുമതലപ്പെടുത്തണമെന്ന് നേരേത്ത നിർദേശം ഉണ്ടായിരുന്നു. അത് കാര്യക്ഷമമാക്കണം.

കുട്ടികൾ വരുന്ന വാഹനങ്ങളെ നിരീക്ഷിക്കുക, ഡ്രൈവർമാരെ നിരീക്ഷിക്കുക, കുട്ടികളുടെ പ്രവൃത്തികൾ സസൂക്ഷ്മം വിലയിരുത്തുക, സ്‌കൂൾ ആരംഭിക്കുന്നതിനു മുമ്പും ശേഷവും പരിശോധനകൾ നടത്താനായി സ്‌കൂളിൽ ഉണ്ടായിരിക്കുക, സ്‌കൂളിന് പുറത്തുള്ള പരിസരം നിരീക്ഷിക്കുക എന്നിവയാണ് പ്രധാനമായും ഇവരുടെ ചുമതലകൾ.

എന്നാൽ നിലവിലെ ജോലിഭാരത്തിനൊപ്പം ഈ അധിക ചുമതല കൂടി വഹിക്കാൻ അധ്യാപകർ വിസമ്മതിക്കുന്നു. അതുകൊണ്ടുതന്നെ മിക്ക സ്‌കൂളുകളിലും സേഫ്റ്റി ഉദ്യോഗസ്ഥർ എന്ന പദവിയിൽ അധ്യാപകരില്ല.

സ്‌കൂളുകളിലെ കാമറ സംവിധനം ശക്തിപ്പെടുത്തുന്നത് ലഹരി മാഫിയയെ നിയന്ത്രിക്കാൻ സഹായിക്കും ●ആളൊഴിഞ്ഞ മൂലകളിൽ നിരന്തരമുള്ള പരിശോധനക്ക് സ്‌കൂൾ അധികൃതർ തയാറാകണം

● കുട്ടികളുടെ സ്വകാര്യതയെയും അന്തസ്സിനെയും ഹനിക്കാത്ത വിധത്തിൽ ശുചിമുറികളെക്കൂടി പരിശോധനയുടെ ഭാഗമാക്കണം.

നാട്ടുകാർ പറയുന്നത്

കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പറഞ്ഞാലും മണിക്കൂറുകള്‍ കഴിയുമ്പോഴാണ് പൊലീസെത്തുക. ഇതിനിടെ സംഘങ്ങള്‍ സ്ഥലം വിട്ടിരിക്കും. പല സ്റ്റേഷനുകളില്‍നിന്നും ഇത്തരം സംഘങ്ങള്‍ക്ക് വിവരം ചോര്‍ത്തിനല്‍കുന്നവരുമുണ്ട്.

സ്കൂളുകള്‍ക്കും ബസ് സ്റ്റോപ്പുകള്‍ക്കും മുന്നിൽ പൊലീസിന്‍റെ കര്‍ശനമായ നീരീക്ഷണം വേണം. എന്നാൽ, പേരിനുപോലും നിരീക്ഷണം നടക്കുന്നില്ലെന്നതാണ് യാഥാർഥ്യം.

"അധ്യാപകരും മാതാപിതാക്കളും പ്രദേശവാസികളും വ്യാപാരികളും ഉൾപ്പെടുന്ന ജാഗ്രത ജനകീയ സമിതികൾ രൂപവത്കരിക്കാൻ നേരേത്തതന്നെ നിർദേശമുണ്ട്. അവ കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടികൾ എല്ലാ സ്‌കൂളുകളിലും നടന്നുവരുന്നുണ്ട്. അതിലൂടെ കുട്ടികളുടെ അസ്വാഭാവികമായ ചലനങ്ങൾ കണ്ടെത്താനും കൃത്യസമയത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കാനും അതുവഴി കുട്ടികളെ ലഹരി വിൽപനക്കാരുടെ പിടിയിൽ നിന്ന് ഒഴിവാക്കാനും കഴിയും"

സുനിത ജി.എസ്, അധ്യാപിക,തൈക്കാട് ഗവ. മോഡൽ എച്ച്.എസ്.എൽ.പി സ്‌കൂൾ

Tags:    
News Summary - Drug gangs prey on children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.