ആനപ്പാറ വാർഡിലെ പൊന്നമ്പിക്കോണം, കൊച്ചാനപ്പാറ മേഖലകളിലേക്ക് കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നു

കാത്തിരിപ്പിന് വിരാമം; പൊന്നമ്പിക്കോണം, കൊച്ചാനപ്പാറ പ്രദേശങ്ങളിൽ കുടിവെള്ളമെത്തുന്നു

വിതുര: ദീർഘനാളായുള്ള ജനങ്ങളുടെ ആവശ്യത്തിന് പരിഹാരമേകി ആനപ്പാറ വാർഡിലെ പൊന്നമ്പിക്കോണം, കൊച്ചാനപ്പാറ പ്രദേശങ്ങളിൽ കുടിവെള്ളമെത്തുന്നു. വാർഡ് മെംബറുടെ ശ്രമഭലമായി പഞ്ചായത്ത് ഫണ്ടിനൊപ്പം ജലജീവൻ മിഷൻ പദ്ധതി സംയോജിപ്പിച്ചാണ് പ്രദേശത്തെ മുഴുവൻ വീടുകളിലും കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കുന്നത്.

ഈ പ്രദേശത്തേക്ക് പ്രധാന റോഡിൽനിന്നും പൈപ്പ് ലൈൻ ഇല്ലാതിരുന്നതിനാൽ കുടിവെള്ള കണക്ഷൻ നൽകാൻ കഴിയുമായിരുന്നില്ല. വാർഡിലെ ഉയർന്ന പ്രദേശമായ ഇവിടെ വേനലിൽ കുടിവെള്ള ക്ഷാമം നേരിടുന്ന സാഹചര്യമുണ്ടാകാറുണ്ട്. ഇക്കാരണത്താൽ പൈപ്പ് ലൈൻ വേണമെന്നത് പ്രദേശവാസികളുടെ വലിയൊരു ആവശ്യമായിരുന്നു. ഇതിന് പരിഹാരമേകിയാണ് ഇപ്പോൾ വീടുകളിൽ കുടിവെള്ള കണക്ഷനുകൾ നൽകുന്നത്.

വാർഡ് മെംബറുടെ വികസന ഫണ്ടിൽനിന്നും ആദ്യഘട്ടമായി പ്രധാന റോഡിൽ നിന്നും പൊന്നമ്പിക്കോണം മേഖലയിലേക്ക് പൈപ്പ് ലൈൻ സ്ഥാപിച്ചു. തുടർന്നാണ് ഇവിടേക്ക് കുടിവെള്ള കണക്ഷൻ നൽകാൻ നടപടിയായത്.

ജല ജീവൻ മിഷൻ പദ്ധതി പ്രകാരം പൊന്നമ്പിക്കോണം, കൊച്ചാനപ്പാറ മേഖലകളിലെ കണക്ഷൻ നൽകുന്ന ജോലികൾ പുരോഗമിക്കുകയാണ്. പൊന്മുടി സംസ്ഥാന പാതക്ക് കുറുകെ റോഡ് മുറിച്ചുവേണം ഇവിടേക്ക് കണക്ഷൻ എത്തിക്കേണ്ടത്. ഇതിനുള്ള അനുമതിക്കായി പൊതുമരാമത്ത് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അവ ലഭ്യമായാലുടൻ വീടുകളിൽ കുടിവെള്ളമെത്തിക്കാൻ കഴിയുമെന്നും വാർഡ് അംഗം വിഷ്ണു ആനപ്പാറ അറിയിച്ചു.

Tags:    
News Summary - Drinking water in the Ponnambi Konam and Kochanapara areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.