തിരുവനന്തപുരം: നമ്പർ പ്ലേറ്റ് ഘടിപ്പിക്കാതെയും പൊലീസിന്റെ നിരീക്ഷണ കാമറകളിൽപെടാതെ നമ്പർ പ്ലേറ്റ് രൂപമാറ്റം വരുത്തിയും നഗരത്തില്‍ ഇരുചക്ര വാഹനങ്ങളിൽ കറങ്ങിനടക്കുന്നവർക്കെതിരെ തിരുവനന്തപുരം സിറ്റി ട്രാഫിക് പൊലീസ് നടപടി തുടങ്ങി. മോട്ടോര്‍ വാഹന നിയമം ലംഘിച്ച് നമ്പർപ്ലേറ്റുകളിൽ വിജാഗിരി ഘടിപ്പിച്ചും കാമറകളിൽപ്പെടാതെ നമ്പർ പ്ലേറ്റുകൾ ടെയിൽ ലാമ്പിനു അടിയിൽ ഘടിപ്പിച്ചതുമായ വാഹനങ്ങൾ, മഡ് ഗാർഡ്, ഇൻഡിക്കേറ്ററുകള്‍ തുടങ്ങിയവ രൂപം മാറ്റം വരുത്തിയും, അമിത ശബ്ദമുണ്ടാക്കി സഞ്ചരിച്ചതുമായ മോട്ടോർ സൈക്കിളുകള്‍ പരിശോധനയിൽ കണ്ടെത്തി. കൂടുതൽ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്കുകളാണ് പിടിച്ചെടുത്തതിൽ ഏറെയും. ഇത്തരം വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.
ബൈക്കുകൾ ഓടിച്ചവർക്കെതിരെയും വാഹനമുടമകള്‍ക്കെതിരെയും നിയമനടപടി ആരംഭിച്ചതായും പിടിച്ചെടുത്ത വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്നും ട്രാഫിക് എ.സി.പിമാർ അറിയിച്ചു. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ തുടര്‍ന്നുള്ള ദിവസങ്ങളിലും സ്പെഷല്‍ ഡ്രൈവുകള്‍ ട്രാഫിക് പൊലീസ് നടത്തും. സിറ്റി പൊലീസ് കമീഷണർ സ്പർജൻ കുമാര്‍, ഡി.സി.പി വിജയ് ഭരത് റെഡ്ഢി എന്നിവരുടെ നേതൃത്വത്തിലാണ് വാഹനപരിശോധന നടത്തിയത്.
പൊതുജനങ്ങള്‍ക്ക് രൂപമാറ്റം വരുത്തിയതും നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാതെയും സഞ്ചരിക്കുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ട്രാഫിക് പൊലീസിന്റെ ഗതാഗത നിയമലംഘനങ്ങള്‍ അറിയിക്കാം, ഫോൺ നമ്പർ: 9497930055.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.