ടീച്ചിങ് വിഭാഗത്തിലെ മത്സരത്തിൽ നിന്ന്
കൊല്ലം: സാമൂഹിക ശാസ്ത്രമേളയിലെ ടീച്ചിങ് എയ്ഡ് വിഭാഗം അധ്യാപകരുടെ സൃഷ്ടിപരമായ അവതരണങ്ങളാൽ ശ്രദ്ധേയമായി. പാഠ്യവിഷയങ്ങളെ ആസ്പദമാക്കി യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി ഉപജില്ലകളെ പ്രതിനിധീകരിച്ച അധ്യാപകർ തങ്ങളുടെ പ്രോജക്ടുകൾ അവതരിപ്പിച്ചു.
ശാസ്താംകോട്ട ഉപജില്ലയിൽനിന്ന് സുലൈഖ ഫാത്തിമ സലാഹ്, ചടയമംഗലത്തുനിന്ന് സുമിത് സാമുവൽ, പുനലൂരിൽനിന്ന് ദയ തോമസ്, വെളിയം ഉപജില്ലയിൽനിന്ന് മനോജ്, കൊല്ലം ഉപജില്ലയിൽ നിന്ന് ജൂഡിത്ത്, അന്നമ്മ പീറ്റർ എന്നിവരാണ് മത്സരത്തിൽ പങ്കെടുത്തത്. സുലൈഖ ഫാത്തിമ, ദയ തോമസ്, ജൂഡിത് എന്നിവർ യു.പി വിഭാഗത്തിലും സുമിത്ത് സാമുവൽ, മനോജ്, അന്നമ്മ പീറ്റർ എന്നിവർ എച്ച്.എസ് വിഭാഗത്തിലും മത്സരിച്ചു. സുലൈഖ ഫാത്തിമ ‘ജിയോ ഓറ ജനസിസ്’ വർക്കിങ് മോഡൽ മുഖേന ഭൂമിയുടെയും അന്തരീക്ഷത്തിന്റെയും ഘടന വ്യക്തമാക്കുമ്പോൾ, ദയ തോമസ് മേഘങ്ങളുടെ ഘടന അവതരിപ്പിച്ച സ്റ്റിൽ മോഡൽ പ്രദർശിപ്പിച്ചു.
വെങ്കലയുഗ സംസ്കാരങ്ങളെ ആസ്പദമാക്കിയ പ്രോജക്ട് ജൂഡിത് അവതരിപ്പിച്ചു. സമതലങ്ങളും നദീമാർഗങ്ങളും വ്യക്തമാക്കുന്ന സ്റ്റിൽ മോഡൽ അന്നമ്മ പീറ്റർ പ്രദർശിപ്പിച്ചു. ഭൂമിയുടെ ഘടനയെ അവതരിപ്പിച്ചത് സുമിത്ത് സാമുവലും, ഭൂമിയുടെ ഭ്രമണവും പരിക്രമണവും വിശദീകരിക്കുന്ന വർക്കിങ് മോഡൽ മനോജ് അവതരിപ്പിക്കുകയും ചെയ്തു. മൂന്നു മണിക്കൂറിനുള്ളിൽ തൽസമയം പ്രോജക്ടുകൾ നിർമിക്കേണ്ടിവന്ന മത്സരത്തിൽ അധ്യാപകർ അവരുടെ പഠന പാടവവും സൃഷ്ടിപരമായ കഴിവും പ്രകടമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.