photo:  petpress.net

സമഗ്രപദ്ധതിയുമായി ജില്ല പഞ്ചായത്ത്; തെരുവുനായ് വന്ധ്യംകരണ കേന്ദ്രങ്ങൾ അഞ്ചിടത്ത്

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് ജില്ലയില്‍ അഞ്ചിടങ്ങളില്‍ കേന്ദ്രങ്ങള്‍ക്കായുള്ള അടിസ്ഥാനസൗകര്യം ഒരുക്കുമെന്ന് ജില്ല പഞ്ചായത്ത്.

നെടുമങ്ങാട് വെറ്ററിനറി പോളിക്ലിനിക്, പെരുങ്കടവിള, ചെമ്മരുതി, വക്കം, പാങ്ങോട് വെറ്ററിനറി ഡിസ്‌പെന്‍സറികള്‍ എന്നിവിടങ്ങളിലാണ് വന്ധ്യംകരണ കേന്ദ്രങ്ങള്‍ ഒരുക്കുക. ഇതിനായി ചെലവ് വരുന്ന തുകയുടെ 50 ശതമാനം ജില്ല പഞ്ചായത്തും ബാക്കി ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമ പഞ്ചായത്തുകളും തുല്യമായി വഹിക്കും.

ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുരേഷ്‌കുമാറിന്‍റെ അധ്യക്ഷതയില്‍ നടന്ന തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. തെരുവുനായ് ക്കള്‍ക്കുള്ള പ്രതിരോധകുത്തിവെപ്പ്, വന്ധ്യംകരണം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ വിഷയങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കും.

നായ്പിടിത്തക്കാരുടെ സഹായത്തോടെ തെരുവുനായ്ക്കള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കും. ജില്ലയില്‍ പരിശീലനം ലഭിച്ച 40 നായ്പിടിത്തക്കാരാണ് നിലവിലുള്ളത്. ഇത്കൂടാതെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 100 നായ്പിടിത്തക്കാര്‍ക്കുള്ള പരിശീലനം ഉടന്‍ ആരംഭിക്കും.

വളര്‍ത്തുനായ്ക്കള്‍ക്കുള്ള ലൈസന്‍സ് നിര്‍ബന്ധമാക്കാനും ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു. മാലിന്യനിര്‍മാര്‍ജനം കാര്യക്ഷമമായി നടപ്പാക്കാനും പഞ്ചായത്തുകള്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി.

പഞ്ചായത്ത് തലത്തില്‍ സ്‌കൂളുകള്‍, റെസിഡന്‍റ്സ് അസോസിയേഷനുകള്‍, മൃഗസ്‌നേഹികളുടെ സംഘടനകള്‍ എന്നിവ കേന്ദ്രീകരിച്ച് ബോസ്ത്കരണം നടത്താനും തീരുമാനിച്ചു.

കലക്ടര്‍ ജെറോമിക് ജോര്‍ജിന്‍റെ സാന്നിധ്യത്തില്‍ ജില്ല പഞ്ചായത്ത് ഓഫിസില്‍ നടന്ന യോഗത്തില്‍ തദ്ദേശസ്ഥാപന പ്രതിനിധികള്‍, ജില്ല പ്ലാനിങ് ഓഫിസര്‍, ജില്ല മൃഗസംരക്ഷണ ഓഫിസര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍, കുടുംബശ്രീ മിഷന്‍ ജില്ല കോ ഓഡിനേറ്റര്‍, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ല ആസൂത്രണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - District Panchayat with comprehensive plan Street dog sterilization centers at five locations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.