തിരുവനന്തപുരം ജില്ല ഫുട്ബാൾ ലീഗിൽ ട്രിവാൻഡ്രം സിറ്റി എഫ്.സിക്കെതിരെ ഗോൾ നേടുന്ന വി.എഫ്.എ
വലിയതുറയുടെ താരം
തിരുവനന്തപുരം: ജില്ല ഫുട്ബാൾ ലീഗ് ഇ-ഡിവിഷനിൽ മെഡിക്കൽ സ്പോർട്ടിങ് ക്ലബിനെ ഗോൾമഴയിൽ മുക്കി എസ്.ബി.എഫ്.എ പൂവാർ. ഒന്നിനെതിരെ ഏഴുഗോളുകൾക്കാണ് പൂവാർ ലീഗിലെ മൂന്നാം ജയം സ്വന്തമാക്കിയത്. പൂവാറിനായി എബി ദാസ് നാലും ഷിജിൻ, സ്റ്റപ്ലിയാനോ, ആൽബിൻ എന്നിവർ ഓരോ ഗോളും നേടി. വിഘ്നേഷിലൂടെയായിരുന്നു മെഡിക്കൽ സ്പോർട്ടിങ്ങിന്റെ ആശ്വാസഗോൾ.
കഴിഞ്ഞ മത്സരങ്ങളിൽ അനന്തപുരി എഫ്.സിയെ 27 ഗോളിനും മുകുന്ദൻസ് എഫ്.സിയെ 25 ഗോളിനും തകർത്ത പൂവാറിനെതിരെ കരുതലോടെയാണ് മെഡിക്കൽ ടീം ഇറങ്ങിയത്. പക്ഷേ പൂവാറിന്റെ മുന്നേറ്റനിരക്കാരെ പിടിച്ചുകെട്ടാനുള്ള തന്ത്രങ്ങൾ മൈതാനത്ത് വിലപോയില്ല. കളിയുടെ അഞ്ചാം മിനിറ്റിൽ തന്നെ എബിദാസ് മെഡിക്കലിന്റെ വലകുലുക്കി.
ഒപ്പം ഷിജിനും ചേർന്നതോടെ 19 മിനിറ്റിനുള്ളിൽ നാലുഗോളുകളാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. നാലുഗോളുകൾ വീണതോടെ മെഡിക്കലിന്റെ മുന്നേറ്റനിര ഉണർന്നു. കളിയുടെ 27ാം മിനിട്ടിൽ പൂവാറിന്റെ പ്രതിരോധനിരയെ കബളിപ്പിച്ച് വിഘ്നേഷിലൂടെ മെഡിക്കൽ ടീം തിരിച്ചടിച്ചു. സ്കോർ (4-1). രണ്ടാം പകുതിയിൽ പൂവാറിന്റെ മുന്നേറ്റനിരയെ ഒരുപരിധിവരെയെങ്കിലും പിടിച്ചുകെട്ടാനായതിനാലാണ് ഗോൾ ഏഴിലൊതുങ്ങിയത്.
ഇ ഡിവിഷനിലെ മറ്റൊരു മത്സരത്തിൽ റോവേഴ്സ് എഫ്.സി മുകുന്ദൻസ് എഫ്.സിയെ പരാജയപ്പെടുത്തി. ഏകപക്ഷീയമായ എട്ടുഗോളുകൾക്കാണ് റോവേഴ്സിന്റെ വിജയം. റോവേഴ്സിനായി ഗൗതം യു.എസ് മൂന്നും ജോയൽ രണ്ടും സംഗീത്, അഖിലൻ, പത്മനാഭൻ എന്നിവർ ഓരോ ഗോളും നേടി. ഗൗതമാണ് കളിയിലെ താരം. എഫ് ഡിവിഷനിൽ വി.എഫ്.എ വലിയതുറ ഏകപക്ഷീയമായ 15 ഗോളുകൾക്ക് തിരുവനന്തപുരം സിറ്റി എഫ്.സിയെ തകർത്തു.
വി.എഫ്.എക്കായി ഗോൾസാൽവസ് 10 ഗോളുകൾ നേടി. മറ്റൊരു മത്സരത്തിൽ എസ്.ബി.എഫ്.എ പൂന്തുറ ഏകപക്ഷീയ എട്ടുഗോളുകൾക്ക് എമിറേറ്റ്സ് എഫ്.സിയെ പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.