തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെയുള്ള സമയക്രമീകരണവും സർവിസ് വെട്ടിക്കുറക്കലും മൂലം തമ്പാനൂരിൽ നിന്നുള്ള രാത്രി കെ.എസ്.ആർ.ടി.സി യാത്ര ദുഷ്കരമാകുന്നു. രാത്രി 10.45 മുതൽ 12.30 വരെയാണ് യാത്രാദുരിതം. രാത്രി 10.45ന് പാലക്കാട് സൂപ്പ് ഫാസ്റ്റ് പോയാൽ പിന്നെ 11.30നേ ബസുള്ളൂ. അതും കോയമ്പത്തൂരിലേക്ക്. 12ന് എൻ.എച്ച് വഴിയുള്ള പാലക്കാട് സൂപ്പർ ഫാസ്റ്റ് 12.15നും പിന്നാലെ 12.30 ലേക്കും മാറ്റി.
അതായത് 11.30 നുള്ള കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് പോയിക്കഴിഞ്ഞാൽ എൻ.എച്ച് വഴിയുള്ള ബസിന് ഒരു മണിക്കൂർ കാത്തിരിക്കണം. ഇതിലാകട്ടെ വലിയ തിരക്കുമാണ്. 12.30ന് തൃശൂരിലേക്ക് നേരത്തേ സൂപ്പർ ഫാസ്റ്റുണ്ടായിരുന്നു.
എന്നാൽ 12നുള്ള പാലക്കാട് 12.30ലേക്ക് മാറ്റിയതിനുപിന്നാലെ തൃശൂർ സൂപ്പറിനെ 1.30ലേക്ക് മാറ്റി. ഫലത്തിൽ രണ്ട് ബസിൽ പോകേണ്ട യാത്രക്കാരാണ് ഒരു ബസിൽ തിക്കിക്കയറാൻ നിർബന്ധിതരാകുന്നത്. അതും ഒരു മണിക്കൂർ കാത്തിരുന്ന ശേഷം. രാത്രി 12ന് ഒരു ലോ ഫ്ലോർ എ.സി ബസ് ഓടിക്കുന്നുണ്ടെങ്കിലും അതിന് ഉയർന്ന ചാർജാണ്. മാത്രമല്ല, ബൈപാസ് വഴിയാണ് സഞ്ചാരമെന്നതിനാൽ അധികപേർക്കും ആശ്രയിക്കാനാവില്ല.
1.30ന് തൃശൂർ പോയി കഴിഞ്ഞാൽ 2.15നാണ് എൻ.എച്ച് വഴി സർവിസുള്ളത്. മാത്രമല്ല ഈ ബസുകളിൽ എല്ലാം റിസർവേഷൻ പൂർണമായിരിക്കും. മുൻകൂട്ടി ബുക്ക് ചെയ്യാതെ എത്തുന്നവർ രാത്രി നെട്ടോട്ടമോടുന്ന കാഴ്ചയും പതിവാണ്. വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് കൂടുതൽ തിരക്ക്.
ഈ സമയത്ത് കൊല്ലം ഭാഗത്തേക്ക് ട്രെയിനുകളില്ലെന്നതും യാത്രാദുരിതം ഇരട്ടിപ്പിക്കുന്നു. 8.55നുള്ള മംഗളൂരു എക്സ്പ്രസ് കഴിഞ്ഞാൽ പിന്നെ 12.25ന് ഗുരുവായൂർ എക്സ്പ്രസാണുള്ളര്. അതുകഴിഞ്ഞാൽപിന്നെ പുലർച്ചെ 3.40ന് ഏറനാടും.
നേരത്തേ രാത്രി 12ന് തമ്പാനൂരിൽനിന്ന് ആറ്റിങ്ങൽ, കാട്ടാക്കട, നെടുമങ്ങാട്, വിഴിഞ്ഞം എന്നിവിടങ്ങളിലേക്ക് ഇലക്ട്രിക് ബസ് സർവിസുണ്ടായിരുന്നു. ഇതിൽ പലതും സൗകര്യപൂർവം നിർത്തി. ഉള്ളവയാകട്ടെ കൃത്യമല്ലെന്ന പരാതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.