തിരുവനന്തപുരം: കോര്‍പറേഷനിലെ തിരുമല വാര്‍ഡ് കൗൺസിലറും ബി.ജെ.പി സിറ്റി ജില്ല ജനറൽ സെക്രട്ടറിയുമായ തിരുമല അനിലിന്റെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ മൊഴിയെടുപ്പ് തുടരുന്നു. തിങ്കളാഴ്ച അദ്ദേഹത്തിന്റെ കൗൺസിലർ ഓഫീസിലെ ജീവനക്കാരി സരിതയുടെ മൊഴി രേഖപ്പെടുത്തി. അനിൽ പ്രസിഡന്റായിരുന്ന ഫാം ടൂർ സഹകരണ സംഘത്തിലെ സാമ്പത്തിക പ്രതിസന്ധിയിൽ അദ്ദേഹം മാനസികമായി തകർന്നിരുന്നെന്നും നിക്ഷേപകർ പണം ആവശ്യപ്പെട്ട് സമീപിച്ചതോടെ പലപ്പോഴും താൻ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നതായി സരിത മൊഴിനൽകി. സഹകരണ സംഘത്തിൽനിന്ന് പണം വായ്പഎടുത്ത നല്ലൊരു ശതമാനംപേരും പണം തിരിച്ചടക്കാൻ തയാറായില്ല. സഹായിച്ചവർ കൈമലർത്തിയപ്പോൾ പണം തിരിച്ചടപ്പിക്കാൻ സുഹൃത്തുകളായ കൗൺസിലർമാരുടെ അടക്കം പലരുടെയും സഹായം അനിൽ തേടിയിരുന്നുവെന്നും അവർ അറിയിച്ചു.
കഴിഞ്ഞ ദിവസം ഭാര്യയുടെ മൊഴിയും കന്റോൺമെന്റ് എ.സി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ രേഖപ്പെടുത്തിയിരുന്നു. വരുംദിവസങ്ങളിലും സുഹൃത്തുകളുടെയും സംഘം ജീവനക്കാരുടെയും മൊഴിയെടുക്കും. സംഘത്തിലെ സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ബാധ്യതകളെ സംബന്ധിച്ച് സംഘം സെക്രട്ടറിയോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ട് കിട്ടുന്ന മുറക്ക് കൂടുതൽപേരെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണസംഘം.
അനിൽ 15 വർഷമായി പ്രസിഡന്റായിട്ടുള്ള സഹകരണ സംഘത്തില്‍ വ്യാപക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് സഹകരണ വകുപ്പിന്റെ റിപ്പോര്‍ട്ട്. ബാങ്കിന്റെ സര്‍ക്കുലര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പലിശ നല്‍കിയതില്‍ 14 ലക്ഷം രൂപയാണ് സംഘത്തിന് നഷ്ടം സംഭവിച്ചത്. അനുവാദമില്ലാതെ സംഘം നേരിട്ട് താത്കാലിക നിയമനം നടത്തിയതില്‍ 1.18 കോടി രൂപ നഷ്ടമുണ്ടായി. അനുമതി ഇല്ലാതെ പൊതുഫണ്ട് നഷ്ടപ്പെടുത്തിയത് വഴി 12 ലക്ഷത്തിന്റെ ക്രമക്കേടുണ്ടായി. അനുമതിയില്ലാതെ സി ക്ലാസ് അംഗങ്ങള്‍ക്ക് വായ്പ നല്‍കിയതില്‍ രണ്ടരകോടി കുടിശ്ശികയായെന്നും സഹകരണ വകുപ്പിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു. ക്രമക്കേടുകൾ സംബന്ധിച്ച് യൂനിറ്റ് ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനക്ക് ശേഷമാണ് അസി. രജിസ്ട്രാർ അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.