കൊല്ലം: ഷാർജയിൽ കോയിവിള സ്വദേശിനി അതുല്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷ് ശങ്കറിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഈ മാസം എട്ടിലേക്ക് മാറ്റി.
സതീഷിനെ ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന കൊല്ലം ക്രൈംബ്രാഞ്ചിന്റെ ആവശ്യമാണ് ജില്ല സെഷൻസ് കോടതി പരിഗണിക്കാനായി മാറ്റിയത്. ഇതിനിടെ അതുല്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്ന് ഉറച്ച് വിശ്വസിക്കുന്നതായും അതുല്യയുടെ സഹോദരി അഖില പറഞ്ഞു.
ചെറിയ കാര്യങ്ങൾക്കുപോലും അതുല്യയെ ഭർത്താവ് സതീഷ് ക്രൂരമായി മർദ്ദിച്ചിരുന്നു. മരിച്ചതിന്റെ തലേന്ന് അതുല്യയുടെ പിറന്നാളായിരുന്നു. ഷാർജയിലെ തന്റെ വീട്ടിൽനിന്ന് ബിരിയാണി കഴിച്ച് വളരെ സന്തോഷത്തോടെയാണ് അവൾ പോയത്.
അടുത്തദിവസം പുതിയ ജോലിയിൽ പ്രവേശിക്കാനുള്ള തയാറെടുപ്പിലുമായിരുന്നു അവൾ. അങ്ങനെയുള്ളപ്പോൾ ഒരിക്കലും സ്വയം ജീവനൊടുക്കില്ല. തലേന്ന് രാത്രി 11.30 വരെ താനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും അഖില പറയുന്നു.
അതുല്യ മരിച്ചദിവസം സതീഷിനെ കാണുമ്പോൾ മദ്യ ലഹരിയിലായിരുന്നു. നിരന്തരം ചേച്ചിയെ അയാൾ മർദ്ദിച്ചിരുന്നു. 24 മണിക്കൂറിലുണ്ടായ മർദ്ദനത്തിന്റെ പാടുകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറയുന്നുണ്ട്. ഇത്രയും തെളിവുകൾ ഉണ്ടായിട്ടും പ്രതി ജാമ്യം കിട്ടി പുറത്തുനടക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അഖില മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.