തിരുവനന്തപുരം നഗരസഭയിലെ ബജറ്റ് ചർച്ചക്കിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ വാക്കേറ്റത്തിനൊടുവിൽ കൈയാങ്കളിയിലേക്ക് കടന്നപ്പോൾ
തിരുവനന്തപുരം: കോർപറേഷനിൽ ബജറ്റ് പാസാക്കൽ ചർച്ചക്കിടെ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും. ബജറ്റ് ചര്‍ച്ചയുടെ രണ്ടാംദിവസവും രാഷ്ട്രീയ പ്രത്യാരോപണങ്ങൾ ഉയർന്നതാണ് ഒടുവില്‍ വാക്കേറ്റത്തിലെത്തിയത്.
ഇടതുപക്ഷത്തെയും ബി.ജെ.പിയിലെയും നാല് കൗണ്‍സിലര്‍മാര്‍ക്ക് വീതം പരിക്കേല്‍ക്കുകയും ചികിത്സ തേടുകയും ചെയ്തു. എല്‍.ഡി.എഫ് അംഗങ്ങളായ ഡോ. റീന, ബിന്ദു മേനോന്‍, ആശ ബാബു എന്നിവരും നിസാമുദ്ദീനും മെഡിക്കല്‍ കോളജില്‍ ചികിത്സതേടി. ബി.ജെ.പി കൗണ്‍സിലര്‍മാരായ വി.ജി. ഗിരികുമാര്‍, മഞ്ചു.ജി.എസ്, സൗമ്യ എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവിഭാഗവും മ്യൂസിയം പൊലീസില്‍ പരാതി നല്‍കി.
ബജറ്റിന്‍റെ ആദ്യദിവസത്തെ ചര്‍ച്ച മുതല്‍തന്നെ ഇടതുപക്ഷവും ബി.ജെ.പിയും രാഷ്ട്രീയം പറഞ്ഞ് പരസ്പരം തര്‍ക്കിക്കുകയായിരുന്നു. ബജറ്റിലൂന്നിയുള്ള ചര്‍ച്ചകള്‍ കാര്യമായി നടന്നില്ല. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ പരാമര്‍ശിച്ചില്ല എന്നാരോപിച്ച് ബി.ജെ.പി വെള്ളിയാഴ്ച ഇറങ്ങിപ്പോയിരുന്നു. ശനിയാഴ്ച തുടക്കത്തില്‍തന്നെ ഇതിനെ വിമര്‍ശിച്ച് രാഷ്ട്രീയം പറഞ്ഞ് കൊണ്ടാണ് മേയറും ചര്‍ച്ച തുടങ്ങിയത്.
ഇതിനെതിരെ ബി.ജെ.പി കക്ഷിനേതാവ് എം.ആര്‍. ഗോപന്‍ രംഗത്തെത്തിയെങ്കിലും ഇടതുപക്ഷ അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തി. സി.പി.എമ്മിലെ മേടയില്‍ വിക്രമന്‍ സംസാരിക്കാന്‍ എഴുന്നേറ്റതോടെ ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ഇതോടെ തര്‍ക്കം രൂക്ഷമായി.
തുടര്‍ന്ന് യു.ഡി.എഫ് കക്ഷിനേതാവ് പി. പത്മകുമാറിനെ പ്രസംഗിക്കാന്‍ ക്ഷണിച്ചെങ്കിലും ബഹളത്തിനിടക്ക് സംസാരിക്കാനായില്ല. ഇതോടെ ചര്‍ച്ചകള്‍ മുടക്കാനാണ് ബി.ജെ.പിയും എല്‍.ഡി.എഫും ശ്രമിക്കുന്നതെന്നാരോപിച്ച് യു.ഡി.എഫ് കൗണ്‍സില്‍ ബഹിഷ്‌കരിച്ചു. ഇതിനിടെ ബജറ്റ് പാസായതായി മേയര്‍ ആര്യ രാജേന്ദ്രന്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനുശേഷം ബി.ജെ.പിയും എല്‍.ഡി.എഫും കോര്‍പറേഷന്‍ ആസ്ഥാനത്ത് പ്രകടനം നടത്തി.
ബി.ജെ.പിയുടെ ഭീഷണികള്‍ കോര്‍പറേഷന്‍ ഭരണസമിതിയോട് വേണ്ടെന്ന് മേയര്‍ വാർത്തസമ്മേളനത്തില്‍ മുന്നറിയിപ്പ് നൽകി. ബജറ്റിലെ കണക്കുകളിലെ പൊള്ളത്തരം ഒളിച്ചുവെക്കാനാണ് ബഹളമുണ്ടാക്കി ബജറ്റ് പാസാക്കിയതായി പ്രഖ്യാപിച്ചതെന്ന് ബി.ജെ.പിയും ആരോപിച്ചു. ബജറ്റ് പാസാക്കിയതിന്‍റെ ആഹ്ലാദ പ്രകടനം ഇടതുപക്ഷവും ഏകപക്ഷീയമായി പെരുമാറുന്നെന്നാരോപിച്ച് ബി.ജെ.പിയും നടത്തിയ പ്രകടനത്തിനിടെ ആദ്യം സംഘര്‍ഷ സാധ്യതയുണ്ടായിരുന്നു. പൊലീസ് ഇടപെട്ട് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുന്നത് ഒഴിവാക്കുകയായിരുന്നു.
തുടര്‍ന്ന് മേയറുടെ ഓഫിസിന് മുന്നിലാണ് രണ്ടാമത്തെ തര്‍ക്കവും കൈയാങ്കളിയുമുണ്ടായത്. എല്‍.ഡി.എഫിനെ അനുകൂലിക്കുന്ന നിസാമുദ്ദീനും ബി.ജെ.പിയിലെ വി.ജി. ഗിരികുമാറുമായുള്ള തര്‍ക്കം മറ്റ് കൗണ്‍സിലര്‍മാര്‍കൂടെയെത്തിതോടെ കൈയാങ്കളിയിലേക്ക് എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.