തിരുവനന്തപുരം: കാഴ്ചപരിമിതർക്ക് ഇനി ടെൻഷഷനില്ലാതെ യാത്രക്കായി ‘നേര്‍വഴി’ മൊബൈല്‍ ആപ് നിര്‍മിച്ച് നരുവാമൂട് ചിന്മയ സ്കൂളിലെ വിദ്യാർഥികള്‍. ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ സംപ്രേക്ഷണം ചെയ്ത ‘നേര്‍വഴി’ പരിപാടിയില്‍ വഞ്ചിയൂര്‍ കോടതിയിലെ കാഴ്ചപരിമിതിയുമുള്ള ജീവനക്കാരി ഷൈല പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതിലെ തന്റെ ബുദ്ധിമുട്ട് പങ്കുവച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപെട്ട വിദ്യാർഥികള്‍ കാഴ്ചപരിമിതിയുള്ളവര്‍ക്ക് ഉപകാരപ്രദമാകുന്ന ഒരു മൊബൈല്‍ ആപ് സജ്ജമാക്കാമെന്ന ആശയത്തില്‍ എത്തുകയായിരുന്നു. അധ്യാപകരും പൂര്‍ണ പിന്തുണ നൽകി.
സ്കൂളിലെ സ്റ്റാര്‍ട്ടപ് കോര്‍ണര്‍ വിഭാഗത്തില്‍ വിദ്യാർഥികള്‍ കാര്യം അറിയിച്ചു. തുടര്‍ന്ന് സ്കൂള്‍ റോബോട്ടിക്സ് വിഭാഗം കൈകാര്യം ചെയ്യുന്ന ‘ടെക്കോസ റോബോട്ടിക്സ്’ വിഭാഗത്തിലെ അധ്യാപകരുടെ നേതൃത്വത്തില്‍ രണ്ടാഴ്ചകൊണ്ടാണ് ആപ് വികസിപ്പിച്ചത്. ആപ് മുഖേന ആവശ്യക്കാർക്ക് നില്ക്കുന്ന സ്ഥലത്തിനടുത്തുള്ള എല്ലാ ബസ് സ്റ്റോപ്പുകളുടെയും അതുവഴി കടന്നുപോകുന്ന ബസുകളുടെയും സമയവിവരങ്ങള്‍ അറിയാനാവും. ശബ്ദസന്ദേശം മുഖേനയാണ് പ്രവർത്തനം. കടന്നുപോകുന്ന വഴികളും ഇറങ്ങേണ്ട സ്റ്റോപ്പും എത്തുമ്പോള്‍ കൃത്യമായ നിര്‍ദേശങ്ങൾ ലഭിക്കും.
ആപ്പിന്റെ സവിശേഷതകള്‍ വിദ്യാർഥികള്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന് മുന്നില്‍ അവതരിപ്പിച്ചിരുന്നു. ആപ്പിന്റെ വികസനത്തിനുവേണ്ടി ഗതാഗതവകുപ്പിന്റെ കീഴില്‍ വരുന്ന ബസുകളുടെ സമയവും വിവരങ്ങളും ലഭ്യമാക്കാമെന്നുള്ള ഉറപ്പ് കുട്ടികള്‍ക്ക് ലഭിച്ചതായും സ്കൂള്‍ അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പ്രിന്‍സിപ്പല്‍ ആര്.എസ്. ലളിതാംബിക, വൈസ് പ്രിന്‍സിപ്പല്‍ സ്മിത ബോസ്, സാം എസ്. ശിവന്, സെല്‍വി, അശ്വതി കൃഷ്ണന്, കെ.എസ്. ദീപ്തി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.