കുറയാതെ കോഴിവില; വില വർധന കച്ചവടത്തെ കാര്യമായി ബാധിച്ചു

നെടുമങ്ങാട്: ഇറച്ചിക്കോഴിയുടെ വില ഉയരുമ്പോൾ വിപണിയിൽ ഫലപ്രദമായി ഇടപെടാൻ അധികൃതർക്കാകുന്നില്ല. കിലോക്ക് 150 മുതൽ 160 രൂപവരെയാണ് ഗ്രാമീണ മേഖലയിലടക്കം വില. കഴിഞ്ഞ ഒരുമാസത്തിനിടയിലാണ് വില ഇത്രയധികം വർധിച്ചത്. മുമ്പ് റമദാൻ, ക്രിസ്മസ് തുടങ്ങിയ വിശേഷ ദിവസങ്ങളിലായിരുന്നു കോഴിയിറച്ചിക്ക് വില കൂടിയിരുന്നത്. വില വർധന കോഴി കച്ചവടത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്.

തീറ്റയുടെ വില വർധനയടക്കം കോഴിയിറച്ചി വില കൂടാനിടയാക്കി. കഴിഞ്ഞ ആറുമാസത്തിനിടെ പല തവണയാണ് വില വർധിച്ചത്. കോഴിത്തീറ്റ വില പലപ്പോഴായി ചാക്കിന് 1300 രൂപയിൽനിന്ന് 2350 രൂപവരെ ഉയർന്നു. കോഴിക്കുഞ്ഞുങ്ങളുടെ വിലയും ഇരട്ടിയിലധികമായി. 20 രൂപ വിലയുണ്ടായിരുന്ന കോഴിക്കുഞ്ഞുങ്ങൾക്ക് ഇപ്പോൾ 42 രൂപവരെയാണ് വില. പെട്ടെന്നാണ് കോഴിക്കുഞ്ഞുങ്ങൾക്ക് വില വർധിച്ചത്.

കോഴികൾക്ക് പ്രായവ്യത്യാസം കണക്കാട്ടി ഓരോതരം തീറ്റയാണ് നൽകുന്നത്. ഇവക്കെല്ലാം കമ്പനികൾ വില കൂട്ടി. തീറ്റയുടെയും കുഞ്ഞുങ്ങളുടെയും വില വർധന താങ്ങാനാകാതെ ജില്ലയിലെ മിക്ക ഫാമുകളും താൽക്കാലികമായെങ്കിലും പ്രവർത്തനം നിർത്തി. ശേഷിക്കുന്നവ അടച്ചുപൂട്ടൽ ഭീഷണിയിലുമാണ്.

ഗതാഗത ചെലവ്, ചില്ലറ വിൽപനക്കാരുടെ ലാഭം, അവശിഷ്ടങ്ങൾ മാറ്റാനുള്ള ചെലവ്, ജീവനക്കാരുടെ ശമ്പളം, വൈദ്യുതി ചാർജ് എന്നിങ്ങനെ നീളുന്ന ചെലവുകൾക്കു മുന്നിൽ പിടിച്ചുനിൽക്കാനാകാതെയാണ് പല കർഷകരും ഫാമുകൾ അടച്ചുപൂട്ടിയത്. വേനലാകുന്നതോടെ വെള്ളത്തിന്‍റെ ലഭ്യതക്കുറവ് കാരണം കേരളത്തിലെയും തമിഴ്നാട്ടിലെയും മിക്ക ഫാമുകളിലും താൽക്കാലികമായി കോഴിവളർത്തൽ നിർത്തിവെക്കാറുണ്ട്. ഇപ്പോൾ വിപണിയിൽ കോഴികളുടെ വരവ് കുറയുന്നതിന് ഇതും കാരണമായിട്ടുണ്ട്. ഇറച്ചിക്കോഴി വില ഉയർന്നത് ഹോട്ടലുകാരെയും ബാധിച്ചിട്ടുണ്ട്. 

Tags:    
News Summary - chicken prices not lowering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.