തീവ്രവാദവും വർഗീതയും എവിടെയും നേട്ടമുണ്ടാക്കിയിട്ടില്ലെന്നത് ചരിത്രപാഠം -സാദിഖലി ശിഹാബ്തങ്ങൾ തിരുവനന്തപുരം: തീവ്രവാദവും വർഗീയതയും വിഭാഗീതയും എവിടെയും നേട്ടമുണ്ടാക്കിയിട്ടില്ലെന്നാണ് ചരിത്രമെന്നും അത്തരം നീക്കങ്ങളെ അനുകൂലിക്കുന്നവർ ഏറ്റവും വലിയ വർഗീയവാദികളാണെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. അത്തരം നീക്കങ്ങളെ തള്ളിപ്പറയുന്നവർ ഏറ്റവും വലിയ മനുഷ്യസ്നേഹിയാകും. ഇതിൽ മനുഷ്യസ്നേഹികളായി മാറാൻ ഓരോരുത്തരും വ്യക്തിപരമായി തീരുമാനമെടുക്കണമെന്നും തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗ് ജില്ല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന്‍റെയും മതത്തിന്‍റെയും പേരിൽ ദുഷ്ടലാക്കോടെ പ്രവർത്തിക്കുന്ന ചെറിയവിഭാഗമുണ്ട്. അത്തരം നീക്കങ്ങളെ നിരാകരിക്കുകയും വെറുക്കുകയും വേണം. സാഹോദര്യത്തിനും സഹിഷ്ണുതക്കും പകരം വെറുപ്പ് പ്രചരിപ്പിക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. അതുവഴി ഇന്ത്യയുടെ വളർച്ചയുടെ ഗ്രാഫ് താഴോട്ടാണ് പോകുന്നത്. വൈവിധ്യങ്ങളെ അംഗീകരിക്കുന്നതിനു പകരം അവയെ അകറ്റി നിർത്താനുള്ള ശ്രമം നടക്കുന്നു. എല്ലാവരും ഒരേ രീതിയിൽ ചിന്തിച്ചാൽ മതിയെന്നും ഒരേ ഭക്ഷണവും വസ്ത്രവും മതിയെന്നും പറയുന്ന സമീപനം രാജ്യത്തിന്‍റെ ആത്മാവിനെതന്നെ നഷ്ടപ്പെടുത്തുന്നതാണെന്നും സാദിഖലി ശിഹാബ്തങ്ങൾ പറഞ്ഞു. രാജ്യത്ത് വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വർഗീയതയും വിഭാഗീയതയും പ്രചരിപ്പിച്ച് അതിൽനിന്ന് മുതലെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വർഗീയത വളർത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നു. കുട്ടികളെകൊണ്ട് അനാവശ്യമായ മുദ്രാവാക്യം വിളിപ്പിക്കുന്നവർ എന്തു സംസ്കാരമാണ് ഇവിടെ വളർത്താൻ ശ്രമിക്കുന്നത്. ആളുകളെ കൊലക്ക് കൊടുക്കുന്നതും മനുഷ്യത്വമില്ലാത്തതും മതം വിലക്കിയതുമായ ഇത്തരം ശ്രമങ്ങളെ കർശനമായി പ്രതിരോധിക്കണം. കോവിഡ് കാലത്ത് കിറ്റ് നൽകി രണ്ടാമതും അധികാരത്തിൽ വന്നവർ ആർക്കും വേണ്ടാത്ത കെ-റെയിലിനുവേണ്ടി മറ്റുള്ളവരുടെ അടുക്കളയിൽ പോയി മഞ്ഞക്കുറ്റി അടിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, എം.എൽ.എമാരായ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹിം, എൻ. ഷംസുദ്ദീൻ, കുറുക്കോളി മൊയ്തീൻ, വനിത ലീഗ് സംസ്ഥാന പ്രസിഡന്‍റ് സുഹ്റ മമ്പാട്, ലീഗ് ജില്ല പ്രസിഡന്‍റ് തോന്നയ്ക്കൽ ജമാൽ, സെക്രട്ടറി പാച്ചല്ലൂർ നജ്മുദ്ദീൻ, അബ്ദുറഹിമാൻ രണ്ടത്താണി, യു.സി. രാമൻ, എം. റഹ്മത്തുല്ല, അബ്ദുറഹ്മാൻ കല്ലായി, സി.പി. ബാവഹാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.