തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനായി ദിവസങ്ങൾ മാത്രംശേഷിക്കേ ശ്രീവരാഹത്ത് പ്രചാരണം ശക്തമാക്കി മുന്നണികൾ. വാർഡ്കൗൺസിലറായിരുന്ന എസ്. വിജയകുമാറിന്റെ മരണത്തെ തുടർന്നുള്ള ഒഴിവിലേക്കാണ് 24ന് ശ്രീവരാഹത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
വാർഡ് പുനർ നിർണയത്തിൽ ശ്രീവരാഹം വാർഡ് ഇല്ലാതായതിനെക്കുറിച്ചു പറഞ്ഞാണ് യു.ഡി.എഫ് ജനങ്ങൾക്കിടയിൽ പ്രചാരണം ശക്തമാക്കുന്നത്. ഭരണനേട്ടങ്ങളാണ് എൽ.ഡി.എഫിന്റെ പ്രചാരണായുധം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പൈലറ്റ് എന്ന ലക്ഷ്യത്തോടെ ഉപതെരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പിയും കഠിന ശ്രമത്തിലാണ്. ഇതിൽ ആര് മുന്നിൽ എന്ന് ചോദിച്ചാൽ മൂവരും ഒപ്പത്തിനൊപ്പമെന്നാണ് വിലയിരുത്തലുകൾ.
രണ്ടാം അങ്കത്തിനിറങ്ങുന്ന യു.ഡി.എഫ് സ്ഥാനാർഥി ബി. സുരേഷ് കുമാറിന്റെ (പൊന്നറ സുരേഷ്) തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച നടന്ന കാൽനടപര്യടന ജാഥയിൽ പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉൾപ്പെടെയുളളവർ പങ്കെടുത്തു. വാർഡ് പുനർ നിർണയത്തിന്റെ ഭാഗമായി ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ തിരുത്തേണ്ടി വരുന്ന ജനങ്ങളുടെ കഷ്ടപ്പാടിനെക്കുറിച്ചും യു.ഡി.എഫ് സംസാരിക്കുന്നുണ്ട്. വെള്ളിയാഴ്ച ബി. സുരേഷ് കുമാറിന്റെ പ്രചാരണത്തിനായി വള്ളക്കടവിൽ എം.എം. ഹസനും ശനിയാഴ്ച രാവിലെ മുക്കോലയ്ക്കൽ ക്ഷേത്ര ജംഗ്ഷനിൽ രമേശ് ചെന്നിത്തലയും രംഗത്തിറങ്ങും.
എൽ.ഡി.എഫ് സ്ഥാനാർഥിയായ വി. ഹരികുമാറിനായി മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു ഉൾപ്പെടെയുള്ളവരാണ് പ്രചാരണത്തിനിറങ്ങിയത്. നഗരസഭയുടെ ഭരണനേട്ടങ്ങൾക്കൊപ്പം മുൻ കൗൺസിലർ നടത്തിയ വികസന പ്രവർത്തനങ്ങളും വോട്ട് ആകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. സി.പി.ഐ മണക്കാട് ലോക്കൽ കമ്മിറ്റി അംഗവും കിസാൻ സഭ തിരുവനന്തപുരം മണ്ഡലം പ്രസിഡന്റുമാണ് വി. ഹരികുമാർ.
2015-2020 കാലയളവിൽ ശ്രീവരാഹം വാർഡ് കൗൺസിലറായിരുന്ന ആർ. മിനിയാണ് ബി.ജെ.പി സ്ഥാനാർഥിയായി വീണ്ടും എത്തുന്നത്. കഴിഞ്ഞ തവണ തുച്ഛമായ വോട്ടുകൾക്കാണ് മിനി പരാജയപ്പെട്ടത്. ഇക്കുറി അത്തരം സംഭവങ്ങൾ ഒഴിവാക്കാനായി വീടുകൾ തോറും കയറിയിറങ്ങിയാണ് വോട്ട് പിടിത്തം. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തന്നെ നേരിട്ട് പ്രചാരണ യോഗത്തിൽ പങ്കെടുത്തതോടെ പ്രവർത്തകർ ആവേശത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.