ബ്രൂവറി അഴിമതി കേസ്: തുടർനടപടി അവസാനിപ്പിക്കണമെന്ന ഹരജിയിൽ വിധി 28ന്

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതിൽ അഴിമതിയാരോപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജിയിൽ തുടർനടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് സമർപ്പിച്ച ഹരജിയിൽ വാദം പൂർത്തിയായി.

ജൂൺ 28ന് വിധി പറയും. അഴിമതി നിരോധന നിയമത്തിലെ 19ാം വകുപ്പു പ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകണമെന്നും, ഇവിടെ അനുവാദം നൽകിയിട്ടില്ലെന്നുമാണ് വിജിലൻസിന്‍റെ വാദം.

ആരോപിക്കുന്ന തരത്തിൽ അനധികൃതമായി ലൈസൻസ് നൽകിയിട്ടില്ല.1999 ലെ മദ്യനയം അനുസരിച്ചാണ് അനുവാദം നൽകിയത്. ബ്രൂവറിക്കും ഡിസ്റ്റിലറിക്കും വ്യത്യസ്ത നയങ്ങളാണ്. അതിന്‍റെ അടിസ്ഥാനത്തിലാണ് അനുവാദം നൽകിയിരുന്നത്. പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങൾ മാത്രമാണ് ഇതെന്നും വിജിലൻസ് നിയമോപദേശകൻ കോടതിയിൽ വാദിച്ചു. ഹൈകോടതിവരെ ഈ ആവശ്യം തള്ളി. തുടർന്ന് ചെന്നിത്തല പൊലീസ് സ്റ്റേഷനിൽപോലും ഇതുമതി ബന്ധപ്പെട്ട പരാതി നൽകിയില്ലെന്നും വിജിലൻസ് അഭിഭാഷകൻ വാദിച്ചു.

സർക്കാർ ലൈസൻസ് നൽകിയത് നിയമപരമായ അധികാരത്തോടുകൂടി ആണെങ്കിലും അതിനായി സർക്കാർ ഭൂമി നൽകിയത് എന്തിനെന്നും മറ്റൊരു കമ്പനികളിൽനിന്ന് ടെൻഡർ സ്വീകരിക്കാതെ നാല് കമ്പനികൾക്ക് മാത്രം ലൈസൻസ് അനുവദിച്ചത് എന്തിനെന്നും ചെന്നിത്തലയുടെ അഭിഭാഷകൻ ആരാഞ്ഞു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വാദം കേട്ടത്.

മുഖ്യമന്ത്രിയുടെ താൽപര്യപ്രകാരം മുൻ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ അനധികൃതമായി തീരുമാനമെടുത്താണ് ബ്രൂവറി അനുവദിച്ചതെന്നും ഇത് അഴിമതിയാണെന്നുമാണ് രമേശ്‌ ചെന്നിത്തലയുടെ ആരോപണം.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്‌ണൻ, എക്‌സൈസ് കമീഷണറായിരുന്ന ഋഷിരാജ് സിങ്, ബ്രൂവറി-ഡിസ്റ്റിലറി അനുമതി ലഭിച്ച ജില്ലകളിലെ എക്സൈസ് ഡെപ്യൂട്ടി കമീഷണർമാർ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

Tags:    
News Summary - Brewery corruption case: Court judgment on 28th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.