തിരുവനന്തപുരം: വൈദ്യുതി ബിൽ കുടിശ്ശിക പലിശയിളവോടെ തീർക്കാൻ കെ.എസ്.ഇ.ബി നടപ്പാക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലും പൊതുജനത്തിന് ഷോക്ക്. മറ്റൊരാൾ ഉപയോഗിച്ച വൈദ്യുതിക്ക് ബില്ല് പലിശയടക്കം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് മണക്കാട് സ്വദേശി ആത്രേയകുമാറിന് കെ.എസ്.ഇ.ബി നോട്ടീസ് നൽകി.
എന്നാൽ, ബില്ലിലെ കൺസ്യൂമർ നമ്പറും മേൽവിലാസവും തന്റേതല്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടും ബിൽ തുക അടച്ചേ കഴിയൂവെന്ന നിർബന്ധത്തിലാണ് കെ.എസ്.ഇ.ബി. കഴിഞ്ഞദിവസമാണ് ആത്രേയകുമാറിന് 2017 ജൂൺ ആറിന് 1336 രൂപയുടെ വൈദ്യുതി ഉപയോഗിച്ചിട്ടുണ്ടെന്നും ഈ തുക നാളിതുവരെയുള്ള പലിശയും ചേർത്ത് തിരിച്ചടക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി നോട്ടീസ് നൽകിയത്.
എന്നാൽ, തന്റെ കൺസ്യൂമർ നമ്പർ അല്ല ബില്ലിലേതെന്നും ബില്ലിലെ മേൽവിലാസവും പേരും തന്റെതല്ലെന്നും കാണിച്ച് ആത്രേയകുമാർ മണക്കാട് കെ.എസ്.ഇ.ബി ഓഫിസിലെത്തി സീനിയർ സൂപ്രണ്ടിനെ കണ്ടെങ്കിലും ഉദ്യോഗസ്ഥൻ നൽകിയ ബില്ല് തിരികെ വാങ്ങാൻ തയാറായില്ല. എത്രയുംവേഗം പണം തിരിച്ചടക്കണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതായി ആത്രേയകുമാർ പറയുന്നു. ഇതോടെ ബില്ലിനെതിരെ വൈദ്യുതി മന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് ആത്രേയകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.