സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി കൗൺസിലർക്കെതിരായ അഴിമതി ആരോപണം
തിരുവനന്തപുരം: കോർപറേഷനിലെ തൃക്കണ്ണാപുരം വാർഡ് കൗണ്‍സിലറും പ്രാദേശിക നേതാവുമായ അജിൻ കൈക്കൂലി വാങ്ങിയെന്നതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകളും വെളിപ്പെടുത്തലുകളും പുറത്തുവന്നതോടെ പ്രതിരോധത്തിലായി സി.പി.എം. അന്വേഷിച്ച് വിഷയത്തിൽ നടപടി സ്വീകരിക്കുമെന്ന നിലപാട് സി.പി.എം സ്വീകരിക്കുമ്പോൾ ആർ. ശ്രീലേഖയുടെ രാജിയോടെ പ്രതിസന്ധിയിലായ ബി.ജെ.പി ഇത് നല്ലൊരു രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിലാണ്.
വിഷയത്തിൽ വിജിലൻസ് അന്വേഷണ സാധ്യതയുൾപ്പെടെ കോർപറേഷൻ ഭരണസമിതി പരിശോധിക്കുന്നുണ്ട്. കൗൺസിലറുടെ വിശദീകരണം കേട്ടശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് സി.പി.എം ഉദ്ദേശിക്കുന്നത്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഉദ്യോഗസ്ഥ സംഘത്തിന് പങ്കുണ്ടെന്ന ആക്ഷേപവും ഉയരുകയാണ്.
കൗൺസിലർ കൈക്കൂലി ആവശ്യപ്പെടുന്നതിന്‍റെ ദൃശ്യങ്ങളും സംഭാഷണവും പുറത്ത് വന്നിരുന്നു. പണം നൽകിയില്ലെങ്കിൽ ഭൂമിയിൽ കൊടികുത്തിക്കുമെന്നും കെട്ടിടനിര്‍മാണ കരാറുകാരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ മണ്ണും മാഫിയയും ബി.ജെ.പിയും ചേർന്നുളള എ ഐ സഹായത്തിലുണ്ടാക്കിയ കെട്ടുകഥയെന്നാണ് അജിന്‍റെ വിശദീകരണം. പക്ഷെ ഇതുസംബന്ധിച്ച കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഈ വിഷയം വിവാദമാക്കിയതിന് പിന്നിൽ ബി.ജെ.പിയുടെ നീക്കമാണെന്ന ആക്ഷേപവുമുണ്ട്. സെപ്റ്റംബർ 30 ന് ശ്രീലേഖയുടെ രാജിക്കത്ത് ലഭിച്ച ശേഷമാണ് സി.പി.എം കൗൺസിലറെ കുടുക്കാനുള്ള ഈ നീക്കമെന്ന ആക്ഷേപവുമുണ്ട്. തൃക്കണ്ണാപുരം എം.എൽ.എ റോഡിൽ സഞ്ജുവെന്ന കരാറുകാരൻ ഏപ്രിലിൽ 11 സെന്‍റ് വാങ്ങി കെട്ടിട നിര്‍മാണം തുടങ്ങി. പിന്നാലെ കൗണ്‍സിലർ പണം ആവശ്യപ്പെട്ടു ഭീഷണി തുടങ്ങിയെന്നാണ് സഞ്ജുവിന്‍റെ പരാതി.
പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ഭീഷണിപ്പെടുത്തൽ. ഭൂമി വിറ്റയാളിനെയും ഭീണിപ്പെടുത്തുന്ന ശബ്ദരേഖയും പരാതിക്കാർ പുറത്തുവിട്ടു. ഭീഷണി തുടര്‍ന്നതോടെയാണ് കൗണ്‍സിലറുടെ വീട്ടിൽപ്പോയി ദൃശ്യങ്ങളെടുത്തതെന്ന് സഞ്ജു പറയുന്നു. പുറമ്പോക്ക് കയ്യേറ്റമില്ലെന്ന് പരാതിക്കാരൻ പറയുന്നു. എന്നാൽ കയ്യേറ്റത്തിനെതിരെ പരാതി കൊടുത്തതിന് പകവീട്ടുന്നുവെന്ന് ആരോപണ വിധേയനായ കൗണ്‍സിലര്‍ പ്രതികരിച്ചു. മാത്രവുമല്ല അനുമതിയില്ലാതെയാണ് കെട്ടിട നിര്‍മാണം തുടങ്ങിയത്. താൻ പരാതി നൽകിയതിനാൽ സ്റ്റോപ്പ് മെമ്മോ നഗരസഭ നൽകിയെന്നും വ്യക്തമാക്കുന്നുണ്ട്. തിരുമല ലോക്കൽ കമ്മിറ്റി അംഗമാണ് അജിൻ. കൗണ്‍സിലർ രാജിവക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരം തുടരുമെന്നും ബി.ജെ.പി സിറ്റി ജില്ല പ്രസിഡന്‍റ് കരമന ജയൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ടെന്ന് മേയർ വി.വി. രാജേഷും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.