പൊള്ളിയുരുകുന്ന ഉച്ചവെയിലിൽ സ്വയം ഉരുകിയും നീറിയും ഇവർ തെരുവിൽ സമരം ചെയ്യുന്നത് അടുപ്പുകത്താനും അന്നം വിളമ്പാനുമാണ്. ആശ വർക്കർമാരുടെ അനിശ്ചിതകാല സമരം നടക്കുന്ന സെക്രട്ടേറിയറ്റ് നടയിൽ സമരക്കാർക്ക് കഞ്ഞി വിളമ്പാനുള്ള പാത്രങ്ങളുമായി നടന്നുനീങ്ങുന്ന പ്രവർത്തക -പി.ബി.ബിജു
തിരുവനന്തപുരം: ഓണറേറിയം വർധന ആവശ്യപ്പെട്ട് കഴിഞ്ഞ 15 ദിവസമായി സെക്രട്ടേറിയറ്റിനുമുന്നിൽ ആശ വർക്കർമാർ നടത്തുന്ന സമരം മറ്റ് ജില്ല കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. സമരം പൊളിക്കാനുള്ള നീക്കങ്ങൾ ഇടത് പക്ഷത്തിന്റെ ഭാഗത്തുനിന്ന് ശക്തമാകുമ്പോഴാണ് വിജയം കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന തീരുമാനവുമായി സമരക്കാരും മുന്നോട്ടുപോകുന്നത്. ഫെബ്രുവരി 27ന് ആലപ്പുഴ, മലപ്പുറം കലക്ടറേറ്റുകൾക്ക് മുന്നിൽ പ്രതിഷേധിക്കും. 28ന് കോഴിക്കോട് ബസ് സ്റ്റാൻഡിൽ വടക്കൻ ജില്ലകളിലെ ആളുകൾ ഒന്നിച്ചുചേരും. കൂടുതൽ ജില്ലകളിലും സമരം വ്യാപിപ്പിക്കും. ചെയ്ത ജോലിയുടെ റിപ്പോർട്ട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് നൽകേണ്ടെന്നാണ് തീരുമാനം. കുടിശ്ശിക മുഴുവൻ നൽകിയെന്ന പ്രചാരണം തെറ്റാണെന്നും ഡിസംബറിലെ തുക മാത്രമാണ് ലഭിച്ചതെന്നും സമരക്കാർ പറയുന്നു.
ആശാ വർക്കർമാരുടെ സമരം പൊളിക്കാനുള്ള നീക്കങ്ങൾ ശക്തമാണെങ്കിലും സമരം വിജയിപ്പിക്കാതെ മടങ്ങില്ലെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. ബിന്ദു അഭിപ്രായപ്പെട്ടു. സമരം ചെയ്തവരുടെ പേഴ്സനൽ അക്കൗണ്ടിലേക്ക് 26,400 രൂപ വരെ വന്നതായാണ് കള്ളപ്രചാരണം. സമരത്തിനെതിരായ അതിശക്തമായ അധിക്ഷേപത്തിനും കള്ളപ്രചാരണത്തിനും പുറമെ ആധാർ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. മഹാസംഗമത്തിന് വന്നവരെ വണ്ടിയിൽനിന്ന് പിടിച്ചിറക്കിയ സംഭവവുമുണ്ടായി. എന്നിട്ടും ഈ സ്ത്രീകൾ വെയിലത്തിരിക്കുന്നത് എന്തിനെന്ന് അധികൃതർക്ക് മനസ്സിലാവുന്നില്ലേയെന്നും ബിന്ദു ചോദിക്കുന്നു. ദിവസവും വിവിധ ജില്ലകളിൽനിന്ന് സമരപ്പന്തലിലേക്ക് ആളുകൾ എത്തുന്നുണ്ട്. ചർച്ചക്ക് വിളിക്കണമെന്നാവശ്യപ്പെട്ട് 16ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഇതുവരെ പ്രതികരണമില്ല. വി.എം. സുധീരനും രമേശ് ചെന്നിത്തലയുമടക്കം ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടും മറുപടിയില്ല.
കേന്ദ്ര സർക്കാറിന്റെ സ്കീമിൽപ്പെട്ടതായതിനാൽ പ്രതിഫലം വർധിപ്പിക്കാൻ കഴിയില്ലെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ഏഴായിരം വരെ വർധിപ്പിച്ചത് സംസ്ഥാനം ആയതിനാൽ അത് തൊടുന്യായം മാത്രമാണെന്നും ബിന്ദു പറഞ്ഞു. ആശാവര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് കോൺഗ്രസ് തീരുമാനം. 'മഹിള കോൺഗ്രസ് ആശമാർക്കൊപ്പം' സമരപരിപാടിയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ബ്ലോക്കുകളിൽ നിന്നുള്ള മഹിള കോൺഗ്രസുകാർ സമരപ്പന്തലിലേക്ക് ജാഥ നടത്തി. സംസ്ഥാന വ്യാപകമായി 282 ബ്ലോക്ക് കേന്ദ്രങ്ങളിൽ സിഗ്നേച്ചർ കാമ്പയിൻ സംഘടിപ്പിക്കും. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സെക്രട്ടേറിയേറ്റ് മാർച്ച് ചൊവ്വാഴ്ച നടക്കും.
കൂടാതെ മഹാ ഐക്യദാര്‍ഢ്യ സമ്മേളനവും ബുധനാഴ്ച നടക്കും. സമരത്തിന് പിന്തുണയറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, നടി രഞ്ജിനി, വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട്, കെ.പി.എം.എസ് ജില്ല സെക്രട്ടറി ചെറുവയ്ക്കൽ തുളസീധരൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈബ് അൻസാരി, കേരള ലാറ്റിൻ കത്തോലിക്ക് വിമൺസ് അസോസിയേഷൻ നേതാവ് ജോളി പത്രോസ്, ബി.ഡി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സംഗീത വിശ്വനാഥൻ, വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിഭാഗം നേതാവ് നസീമ ഇല്യാസ്, സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ നേതാവ് പോത്തൻകോട് റാഫി, ഓൾ ഇന്ത്യ പ്രൈമറി ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ പി. ഹരിഗോവിന്ദൻ തുടങ്ങി വ്യക്തികളും സംഘടനകളും പിന്തുണ അറിയിച്ചെത്തി.
കഠിനമായ ചൂടിൽ 15 ദിവസമായി സെക്രേട്ടറിയറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് പിന്തുണയുമായി നടി രഞ്ജിനി എത്തി. കോവിഡ് കാലത്ത് കേരളത്തിന്റെ പേര് ലോക ശ്രദ്ധയിലേക്ക് എത്തിച്ചത് ആശാവർക്കർമാരാണ്. സർക്കാർ അവരുടെ അവകാശങ്ങൾ പരിഗണിക്കാൻ തയാറാകണമെന്ന് അവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.