മെറിൻ ജേക്കബ്, വസന്ത
തിരുവനന്തപുരം: ഒന്നരക്കോടിയോളം രൂപ വിലവരുന്ന ശാസ്തമംഗലം ജവഹർ നഗറിലെ വീടും വസ്തുവും വ്യാജരേഖയുണ്ടാക്കി തട്ടിയ കേസിൽ പ്രതികൾ അറസ്റ്റിലായി. കൊല്ലം പുനലൂർ അയലമൺ ചണ്ണപ്പേട്ട പുതുപറമ്പിൽ വീട്ടിൽ മെറിൻ ജേക്കബ് (27), വട്ടപ്പാറ കരകുളം മരുതൂർ ചീനിവിള പാലയ്ക്കാടുവീട്ടിൽ വസന്ത (76) എന്നിവരാണ് അറസ്റ്റിലായത്. വ്യാജ പ്രമാണവും വ്യാജ ആധാർ കാർഡും ഉണ്ടാക്കി യഥാർഥ ഉടമസ്ഥനെ മാറ്റി പകരം രൂപസാദൃശമുള്ള മറ്റൊരാളെ നിർത്തിയാണ് വീടും വസ്തുവും തട്ടിയെത്.
ഡോറ അസറിയ ക്രിപ്സിന്റെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവുമാണ് കൈക്കലാക്കിയത്. ജനുവരിയിൽ ഇവർ അമേരിക്കയിൽ താമസിക്കുന്ന സമയത്ത് മെറിൻ ജേക്കബ് എന്നയാൾക്ക് ഡോറ അസറിയ ക്രിപ്സിന്റെ അറിവോ സമ്മതമോ ഇല്ലാതെ ധനനിശ്ചയം എഴുതികൊടുത്തു.
മെറിൻ ജേക്കബ് അന്നുതന്നെ ചന്ദ്രസേനൻ എന്നയാൾക്ക് വസ്തു വിലയാധാരം എഴുതി നൽകി. ഡോറയുടെ വളർത്തുമകൾ ആണ് മെറിൻ ജേക്കബ് എന്നുവരുത്തി തീർത്താണ് വസ്തുവിന്റെ പ്രമാണം നടത്തിയത്. മ്യൂസിയം പൊലീസ് അന്വേഷണം നടത്തുകയും വ്യാജ പ്രമാണം, വ്യാജ ആധാർ കാർഡ് എന്നിവ കണ്ടെത്തി. രജിസ്ട്രാർ ഓഫിസിലെ റെക്കോർഡ്സ് പരിശോധിക്കുകയും അതിലെ വിരലടയാളങ്ങളിലൂടെ ഫിംഗർപ്രിന്റ് ബ്യൂറോയുടെ സഹായത്താൽ പ്രതികളിലേക്ക് എത്തുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.