തിരുവനന്തപുരം: നൈറ്റ് ലൈഫിനായി സർക്കാർ തുറന്നുനൽകിയ മാനവീയം വീഥിയിൽ നടക്കുന്നത് അഴിഞ്ഞാട്ടം. കലാപരിപാടികൾ ആസ്വദിക്കാൻ ഒരുവിഭാഗം എത്തുമ്പോൾ അപ്പാടെ അലങ്കോലമാക്കാനും സ്ഥലത്ത് സംഘാർഷാവസ്ഥ സൃഷ്ടിക്കാനും ഒരുവിഭാഗം. നൈറ്റ് ലൈഫിനായി മാനവീയം തുറന്നുനൽകിയ അന്നുമുതൽ ചില സാമൂഹികവിരുദ്ധ-ലഹരിസംഘങ്ങൾ ഇവിടെ താവളം ഉറപ്പിക്കാൻ തുടങ്ങിയിരുന്നു.
യുവാക്കളുടെ സംഗമവേദികൂടിയായതിനാൽ പൊലീസ് അധികം ശ്രദ്ധ ഇവിടെ പതിപ്പിച്ചിരുന്നില്ല. അത് മുതലെടുത്താണ് നഗരത്തിന്റെ വിവിധമേഖലകളിൽ നിന്നുള്ള സാമൂഹികവിരുദ്ധ-ലഹരി സംഘങ്ങൾ കലാസ്വാദകരെ ഭയപ്പെടുത്തുന്നത്. കഴിഞ്ഞദിവസം കലാപരിപാടികൾ ഇവിടെ അരങ്ങേറുമ്പോൾ ആസ്വദിക്കാനെത്തിയ യുവാക്കൾക്കുനേരെ ലഹരിസംഘത്തിന്റെ ആക്രമണം ഉണ്ടായി.
ക്രൂരമായ ആക്രമണമാണ് നടന്നത്. കലാപരിപാടികൾ നടക്കുമ്പോൾ നൃത്തം വെച്ചതിന്റെ പേരിലായിരുന്നു ആക്രമണമത്രേ. ഒരാഴ്ചക്കിടെ മാനവീയം വീഥിയിൽ നടക്കുന്ന നാലാമത്തെ സംഘട്ടനമാണിത്. ഇവിടെ നടന്ന അടിപിടിയുമായി ബന്ധപ്പെട്ട് ഒരുമാസത്തിനിടെ ഒമ്പത് കേസുകളും പൊലീസ് രജിസ്റ്റർ ചെയ്തു.
വലിയ കാഴ്ചപ്പാടോടെയാണ് നൈറ്റ് ലൈഫ് ടൂറിസത്തിന്റെ ഭാഗമായി മാനവീയം വീഥി നവീകരിച്ച് അടുത്തിടെ തുറന്നുനൽകിയത്. എന്നാൽ ലക്ഷ്യത്തിൽ നിന്ന് കാര്യങ്ങൾ കൈവിട്ടുപോകുന്ന തരത്തിലേക്കാണ് മാനവീയം വീഥിയുടെ നിലവിലെ അവസ്ഥ.
കാര്യങ്ങൾ കൈവിടുമെന്ന അവസ്ഥ എത്തിയതോടെ നടപടികൾ കർശനമാക്കാൻ മ്യൂസിയം പൊലീസ് തീരുമാനിച്ചുകഴിഞ്ഞു. പരിപാടികൾക്ക് സമയക്രമം നിശ്ചയിക്കാനും മുൻകൂട്ടി രജിസ്ട്രേഷൻ അടക്കം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.