'ആവാസവ്യൂഹ'ത്തിലൂടെ തലസ്ഥാനത്തിന് നെറ്റ്പാക്ക്, ഫിപ്രസി തിളക്കം

തിരുവനന്തപുരം: നമ്മൾ മറന്ന പ്രകൃതിയെ വീണ്ടും നമ്മിലേക്ക് അടുപ്പിക്കുന്ന 'ആവാസവ്യൂഹ'ത്തിന് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക്ക്, ഫിപ്രസി പുരസ്കാരങ്ങൾ. മുംബൈ ഐ.ഐ.ടി അധ്യാപകനും തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശിയുമായ ക്രിഷാന്ദാണ് സിനിമയുടെ സംവിധായകൻ. ഭാര്യ ശ്യാമയായിരുന്ന കലാസംവിധാനവും മേക്കപ്പും നിർവഹിച്ചത്.

മനുഷ്യർക്കൊപ്പം തവളയും ഒച്ചും തുമ്പിയുമൊക്കെയാണ് സിനിമയിലെ കഥാപാത്രങ്ങൾ. പശ്ചാത്തലമാകട്ടെ സമരഭൂമിയായ പുതുവൈപ്പിനും.

പുതുവൈപ്പിനിലെത്തുന്ന ജോയി എന്ന യുവാവ് നിരവധി പേരുടെ ജീവിതങ്ങളിലൂടെ കടന്നുപോവുന്നുണ്ട്. പലരുടെയും സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാൻ സഹായിയായും തൊഴിലാളിയായും സഹപ്രവർത്തകനായും ഒക്കെ ഉപയോഗിക്കപ്പെടുകയാണ് ജോയി.

എന്നാൽ ജോയിയെ കൂടെക്കൂട്ടിയവരൊക്കെ സ്വന്തം ആവശ്യങ്ങൾ നിറവേറ്റിക്കഴിഞ്ഞതിനുശേഷം അയാളെ സംരക്ഷിക്കാൻ മറന്നുപോയി. അവിടെ ജോയ് പ്രകൃതിയുടെ ഭാഗമായി മാറുകയാണ്. മതവും രാഷ്ട്രീയവും ശാസ്ത്രവും ഉൾപ്പെടുന്നതാണ് നമ്മുടെ ആവാസവ്യവസ്ഥ എന്ന ഓർമപ്പെടുത്തൽ കൂടി ഈ ചിത്രം നൽകുന്നുണ്ട്.

മോഹൻദാസ് എൻജിനീയിറിങ് കോളജിലെ പഠനം കഴിഞ്ഞ് ഉപരിപഠനത്തിന് മുംൈബയിലെത്തിയ കൃഷാന്ദ് ഹ്രസ്വ സിനിമകളിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. ക്രിഷാന്ദിന്‍റെ ആദ്യ ചിത്രമായ വൃത്താകൃതിയിലുള്ള ചതുരവും 2019ൽ ഐ.എഫ്.എഫ്.കെയിൽ മത്സരവിഭാഗത്തിൽ ഇടംപിടിച്ചിരുന്നു.

Tags:    
News Summary - Aavasavyuham won NETPAC, FIPRESCI Award for Best Malayalam Film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.