തൃശൂർ: പാലക്കലിലെ ഹോൾ സെയിൽ ജ്വല്ലറിയിലേക്ക് ചെന്നൈയിൽനിന്ന് കാറിൽ കൊണ്ടുവരികയായിരുന്ന 1.25 കിലോ സ്വർണവും 60,000 രൂപയും തട്ടിയെടുത്തു. പാലക്കൽ സ്വദേശി പുല്ലോക്കാരൻ ജോയ്സൺ ജെയ്ക്കബിന്റെ ജെ.പി. ഗോൾഡ് ജ്വല്ലറിയിലേക്ക് കൊണ്ട് വരികയായിരുന്ന സ്വർണമാണ് കോയമ്പത്തൂരിനു സമീപം എട്ടിമടയിൽ കവർച്ചാസംഘം തട്ടിയെടുത്തത്. ശനിയാഴ്ച പുലർച്ചെ 6.30നാണ് സ്വർണവും പണവും ജോയ്സൺ അണിഞ്ഞ മോതിരവും മാലയും ഇവർ സഞ്ചരിച്ച ബ്രെസ കാർ ഉൾപ്പെടെ തട്ടിയെടുത്തത്. ഒരു കോടിയിലേറെ വിലവരുന്ന സ്വർണക്കട്ടകളാണ് നഷ്ടമായത്.
ജോയ്സണും സഹായിയും സഞ്ചരിച്ചിരുന്ന കാറിനെ മറികടന്ന് വന്ന ടിപ്പർ ലോറി റോഡിന് കുറുകെ നിറുത്തി മറ്റൊരു കാറിലെത്തിയ കവർച്ചാസംഘം ഡ്രൈവർ വിഷ്ണുവിന്റെ ഭാഗത്തെ ഗ്ലാസ് പൊട്ടിച്ച് ഇരുവരുടെയും മുഖത്തേക്ക് കുരുമുളക് സ്പ്രേ അടിക്കുകയായിരുന്നു. കാറുമായി കടന്നുകളഞ്ഞ സംഘം ആദ്യം വിഷ്ണുവിനെയും പിന്നീട് ജോയ്സനെയും വഴിയിൽ ഇറക്കിവിട്ടു.
തുടർന്നാണ് വിഷ്ണുവും പിന്നീട് ജോയ്സണും കെ.ജി. ചാവടി സ്റ്റേഷനിലെത്തി പരാതി നൽകിയത്. തമിഴ്നാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിയെടുത്ത കാർ തൃശൂർ ഭാഗത്തേക്കാണ് പോയത് എന്നാണ് അറിയുന്നത്. കാർ തടയാൻ ഉപയോഗിച്ച ടീപ്പർ ലോറി ശനിയാഴ്ച വൈകീട്ട് പൊലീസ് പിടികൂടി. എന്നാൽ ലോറിയിൽ ഉണ്ടായിരുന്നവർ പൊലീസ് പിന്തുടരുന്നത് കണ്ട് ഇറങ്ങി ഓടി രക്ഷപ്പെട്ടു.
ടിപ്പർ ലോറി ജോയ്സൺ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്തിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് വാഹനങ്ങളിലെ കാമറകളും പരിശോധിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ജോയ്സൺ സാധാരണ ചെന്നൈയിലേക്ക് പോകുമ്പോൾ കോയമ്പത്തൂർ വരെ കാറിൽ പോയി അവിടെ റെയിൽവേസ്റ്റേഷനിൽ കാർ നിർത്തി പിന്നീട് ട്രയിനിലാണ് പോകാറുള്ളത്. അങ്ങിനെ പോയി തിരിച്ച് വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. 2009ൽ ഇയാളുടെ ജീവനക്കാരനെ തലക്കടിച്ച് സ്വർണം തട്ടിയെടുത്തിരുന്നു. അതിലെ പ്രതികളെ പിടികൂടി സ്വർണം കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.