ജലഅതോറിറ്റി: പ്രതിവർഷം ചോരുന്നത്​ 200 കോടിയു​ടെ വെള്ളം

തിരുവനന്തപുരം: നഷ്​ടക്കണക്കുകൾ തടയാൻ തിരക്കിട്ട ശ്രമങ്ങൾക്കിടയിലും പൈപ്പ്​ലൈനുകളിലെ ചോർച്ച മൂലം ജലഅതോറിറ്റി നേരിടുന്നത്​​ പ്രതിവർഷം 200 കോടിയുടെ വരുമാന നഷ്ടം. വിതരണത്തിനായി തയാറാക്കുന്ന വെള്ളത്തിന്‍റെ 20 മുതൽ 25 ശതമാനം വരെ കണക്കിൽ പെടാതെ ഒലിച്ചുപോകുന്നുവെന്നാണ്​ കണക്ക്​. ചോർച്ചയടക്കാനും വരുമാന നഷ്ടം തടയാനും ബ്ലൂ ബ്രിഗേഡ്​ അടക്കം തയാറാക്കിയെങ്കിലും അതൊന്നും ഫലപ്രദമാകുന്നി​ല്ലെന്നാണ്​ നഷ്​ടക്കണക്കുകൾ അടിവരയിടുന്നത്​. വർഷം 2.5 മുതൽ മൂന്ന്​ ലക്ഷം മില്യൺ ലിറ്റർ വരെ വെള്ളം ചോരുന്നതായാണ്​ അതോറിറ്റിയുടെ കണക്ക്​. 2022 മേയ്​ 31 വരെയുള്ള കണക്കനുസരിച്ച്​ സംസ്ഥാനത്തെ ഗാർഹിക കണക്​ഷനുകളിൽ മാത്രം 70,049 മീറ്ററുകൾ പ്രവർത്തനരഹിതമാണ്​. എന്നാൽ ഇത്​ മൂലമുള്ള നഷ്ടം എത്രയെന്ന്​ അതോറിറ്റി കണക്കാക്കിയിട്ടുമില്ല. 100 ശതമാനവും സർചാർജ്​​ ഈടാക്കുന്നതിനാൽ നഷ്ടമുണ്ടാകാൻ ഇടയില്ലെന്നാണ്​ അതോറിറ്റിയുടെ അനുമാനവും ആത്മവിശ്വാസവും. കേടായ മീറ്റർ മാറ്റി സ്ഥാപിച്ചില്ലെങ്കിൽ ആദ്യമാസം മുൻ ശരാശരി പ്രകാരമുള്ള വെള്ളക്കരത്തിന്‍റെ 25 ശതമാനവും അടുത്ത രണ്ട്​ മാസങ്ങളിൽ 50 ശതമാനവും അതുകഴിഞ്ഞാൽ 100 ശതമാനവുമാണ്​ നിലവിൽ സർചാർജായി ഈടാക്കുന്നത്​. എവിടെയാണ്​ ചോർച്ചയെന്നത്​ കണ്ടുപിടിക്കാനും തടയാനും 2011 മുതൽ തന്നെ ജല അതോറിറ്റി ഊർജിത ശ്രമങ്ങൾ ആരംഭിച്ചിട്ടു​ണ്ടെങ്കിലും വർഷം 11 കഴിയുമ്പോഴും പരിഹാരമോ പ്രതിവിധിയോ കണ്ടെത്താനായിട്ടില്ല. ജലചോർച്ചക്കൊപ്പം അടിക്കടിയുണ്ടാകുന്ന പൈപ്പ്​ പൊട്ടലുകളും ജല​​അതോറിറ്റിക്ക്​ കടുത്ത തലവേദനയും അധികചെലവും സൃഷ്ടിക്കുന്നുണ്ട്​. ശരാശരി ആറ്​ മാസക്കാലയളവിൽ 22 കോടി രൂപ വരെ പൊട്ടിയ പൈപ്പുകൾ നന്നാക്കാൻ വേണ്ടിവരുന്നു​. ഇത്​ അറ്റകുറ്റപ്പണിയുടെ ചെലവാണ്. പൊട്ടിയ പൈപ്പുകൾ വഴി നഷ്ടമാകുന്നത്​ ഇതിലുമേറെയാണ്​. കാലപ്പഴക്കമേറിയ പൈപ്പ്​ ലൈനുകളാണ്​ പൊട്ടിയവയിൽ ഏറെയും. അമൃത്​, കിഫ്​ബി പദ്ധതികളിൽ പെടുത്തിയും സംസ്ഥാന ബജറ്റ്​ വിഹിതം ഉപയോഗിച്ചും പഴയവ മാറ്റാൻ നടപടി പുരോഗമിക്കു​മ്പോഴാണ്​ മറുഭാഗ​ത്ത്​ പൈപ്പ്​ പൊട്ടലുണ്ടാകുന്നത്​. ഫാക്​ടറിയിൽനിന്ന്​ വിതരണം ചെയ്യുന്നതിന്​ മുമ്പ്​ ഐ.എസ്​ സ്​റ്റാൻഡേർഡ്​ ഉറപ്പുവരുത്തിയാണ്​ പുതിയ ​പൈപ്പുകൾ സ്ഥാപിക്കുന്നതെന്നാണ്​ ജലവകുപ്പി​ന്‍റെ വിശദീകരണം. എം.ഷിബു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.