മേൽക്കൂരയില്ലാത്ത ബസിൽ നഗരം കറങ്ങാം:കെ.എസ്.ആർ.ടി.സി സിറ്റി റൈഡ് 18 മുതൽ

തിരുവനന്തപുരം: നഗരം സന്ദര്‍ശിക്കാൻ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ഓപണ്‍ ഡെക്ക് ഡബിള്‍ ഡെക്കര്‍ ബസ് (കെ.എസ്.ആർ.ടി.സി സിറ്റി റൈഡ്)18 മുതൽ ഓടിത്തുടങ്ങും. വൈകീട്ട്​ 6.45ന് കിഴക്കേകോട്ട ഗാന്ധി പാർക്കിൽ മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. വൻ നഗരങ്ങളിലും വിദേശരാജ്യങ്ങളിലും ഉള്ളതുപോലെ ഇരുനില ബസിന്‍റെ മുകൾ ഭാഗത്തെ മേൽക്കൂര ഒഴിവാക്കിയ ഡബിൾ ഡെക്കർ ഓപൺ ഡെക്ക് ബസ് കേരളത്തിൽ ആദ്യത്തേതാണ്. തിരുവനന്തപുരം നഗരത്തിന്‍റെ സായാഹ്ന, രാത്രി കാഴ്ചകൾ കാണാൻ വിനോദ സഞ്ചാരികൾക്ക് സൗകര്യപ്രദമായ രീതിയിലാണ് സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലുമാൾ റൂട്ടിലാണ് രാത്രി സർവിസ്​. വൈകീട്ട്​ അഞ്ചു മുതല്‍ രാത്രി 10വരെ നീളുന്ന നൈറ്റ് സിറ്റി റൈഡും രാവിലെ ഒമ്പതു​ മുതല്‍ വൈകീട്ട്​ നാലു വരെ നീളുന്ന ഡേ സിറ്റി റൈഡുമാണ് നടത്തുന്നത്. രണ്ട് സർവിസിലും ടിക്കറ്റ്‌ നിരക്ക് 250 രൂപയാണ്. പ്രാരംഭ ഓഫറായി 200 രൂപക്ക്​ ടിക്കറ്റ് ലഭിക്കും. യാത്രക്കാര്‍ക്ക് വെൽക്കം ഡ്രിങ്ക്സ്, സ്നാക്സ് എന്നിവയും ലഭ്യമാക്കും. രാത്രിയും പകലുമുള്ള റൈഡിനായി ഒരുമിച്ച് ടിക്കറ്റെടുക്കുന്നവര്‍ക്ക് പ്രാരംഭ ഓഫറായി 350 രൂപക്ക്​ ലഭ്യമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.