തിരുവനന്തപുരം: സർക്കാറിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി 13,600 പട്ടയം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം നൂറുദിന പരിപാടിയോടനുബന്ധിച്ച് 12,000 പട്ടയം വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചതെങ്കിലും 15,000 എണ്ണം നൽകാനായി. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് 1,11,077 പട്ടയമാണ് ആകെ നൽകിയത്. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ റവന്യൂദിനത്തിന്റെ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ ലാൻഡ് ബോർഡുകൾക്ക് മുന്നിലുള്ള കേസുകൾ തീർപ്പായാൽ 8200 ഏക്കർ ഭൂമി ലഭ്യമാകും. ഇതിലൂടെ കേരളത്തിലെ മുഴുവൻ ഭൂരഹിതർക്കും ഭൂമി നൽകാനാകും. ലാൻഡ് ബോർഡിലെ കേസുകൾ തീർപ്പാക്കാൻ ആവശ്യമായ പരിജ്ഞാനവും പരിശീലനവും ഉദ്യോഗസ്ഥർക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ 162 ഏക്കർ ഭൂമി വിതരണത്തിന് തയാറായിട്ടുണ്ട്. ഭൂമിയും ഭവനവുമില്ലാത്തവർക്ക് ഇവ ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന മനസോടിത്തിരി മണ്ണ് കാമ്പയിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ആന്റണി രാജു, പി. പ്രസാദ്, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, ജി.ആർ. അനിൽ, വി. ശിവൻകുട്ടി, അഹമ്മദ് ദേവർകോവിൽ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു തുടങ്ങിയവർ സന്നിഹിതരായി. 'ഇരിക്കുന്ന കസേര ജനങ്ങളെ സേവിക്കാനുള്ളതാണെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യമുണ്ടാവണം' തിരുവനന്തപുരം: ഇരിക്കുന്ന കസേര ജനങ്ങളെ സേവിക്കാനുള്ളതാണെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യമുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റവന്യൂദിനത്തിന്റെ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല അഴിമതി. നിശ്ചിത സമയത്തിനുള്ളിൽ തീരുമാനം എടുക്കാതിരിക്കുന്നതും തീരുമാനങ്ങളിൽ അനാവശ്യ കാലതാമസം ഉണ്ടാവുന്നതും അഴിമതിയുടെ പട്ടികയിൽ വരും. സർക്കാർ ഉദ്യോഗസ്ഥർക്ക് മതിയായ ശമ്പളം ലഭിക്കുന്നുണ്ട്. അതുകൊണ്ട് ജീവിക്കാൻ തയാറാകണം. ജോലിയിരുന്നുകൊണ്ട് അതിനപ്പുറം സമ്പാദിക്കാമെന്ന് കരുതരുത്. നിക്ഷേപകരും സംരംഭകരും നാടിന്റെ ശത്രുക്കളല്ല, സേവനം ചെയ്യാൻ വരുന്നവരാണെന്ന മനോഭാവം വേണം. വ്യവസായ വാണിജ്യ സംരംഭങ്ങൾക്ക് ഭൂമി അനുവദിക്കുന്നതിൽ തീരുമാനം അനന്തമായി നീട്ടുന്നതിന് അറുതിവരുത്തണം. ഇതിനുള്ള അപേക്ഷകളിൽ കൃത്യമായ ഓഡിറ്റിങ് ഉണ്ടാവണം. ഭൂമി സംബന്ധമായ എത്ര അപേക്ഷകളിൽ ഓരോ ഓഫിസും നടപടി സ്വീകരിക്കാനുണ്ടെന്നും എന്താണ് തടസ്സമെന്നും ഉദ്യോഗസ്ഥതലത്തിൽ പരിഹരിക്കാനാകുമോയെന്നും ജില്ലതലത്തിൽ കണക്കെടുക്കാൻ മേലുദ്യോഗസ്ഥർ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.