ആശ്വാസകിരണം സഹായം മുടക്കമില്ലാതെ നൽകണം -മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ മിഷന്‍റെ ആശ്വാസകിരണം പദ്ധതി വഴി മാസം നൽകുന്ന 1200 രൂപ മുടക്കം കൂടാതെ അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. സാമൂഹിക സുരക്ഷാമിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്​ ഉത്തരവ് നൽകിയത്. ആശ്വാസ കിരണം പദ്ധതി പ്രകാരം 2018 മാർച്ച് വരെ ലഭിച്ച അപേക്ഷകൾ തീർപ്പാക്കിയിട്ടുണ്ടെന്ന് സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അപേക്ഷകരുടെ എണ്ണം വർഷം തോറും വർധിക്കുന്നു. അതിനാൽ ബജറ്റ് വിഹിതത്തിന് പുറമെ അധിക ധനവിനിയോഗം ആവശ്യമായി വരുന്നു. സർക്കാറിൽനിന്ന്​ അധിക തുക ലഭിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും റിപ്പോർട്ടിൽ വിശദീകരിച്ചു. 2020 ആഗസ്റ്റ് വരെയുള്ള കുടിശ്ശിക ധനസഹായം 2021 ഡിസംബറിൽ അനുവദിച്ചിട്ടുണ്ട്​. കൂടുതൽ ഫണ്ട് ലഭിക്കുന്നതനുസരിച്ച് കുടിശ്ശിക ധനസഹായം അനുവദിക്കും. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്​ മനുഷ്യാവകാശ കമീഷൻ ഇടപെടൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.