കെ.എസ്​.ആർ.ടി.സിയെ സര്‍ക്കാര്‍ ദയാവധത്തിന് വിട്ടുനല്‍കുന്നു- വി.ഡി. സതീശൻ

വർക്കല: രണ്ടുലക്ഷം കോടി രൂപയുടെ സിൽവർലൈന്‍ ഉണ്ടാക്കാന്‍ പോകുമ്പോള്‍ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിയില്‍ വിഷുവും ഈസ്റ്ററും ഒന്നിച്ച് വന്നിട്ടും ശമ്പളമില്ലാത്ത അവസ്ഥയാണെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. ഏറ്റവും വലിയ പൊതുഗതാഗത സംവിധാനത്തെ സര്‍ക്കാര്‍ ദയാവധത്തിന് വിട്ടുനല്‍കി തകര്‍ക്കുകയാണ്. ശിവഗിരിയിൽ 60ാമത് ധർമമീമാംസാ പരിഷത്ത് ഉദ്​ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാട്ടില്‍ കൃഷിനാശമുണ്ടായിട്ടും സര്‍ക്കാറിന്റെ സാന്നിധ്യമില്ല. പാര്‍ട്ടിക്കും പാര്‍ട്ടിയുമായി ബന്ധപ്പെട്ട സംഘടനകളെയും കയറഴിച്ച് വിട്ട് മുഖ്യമന്ത്രി വെറുതെയിരിക്കുകയാണ്. ഭരിക്കാനുള്ള ഉത്തരവാദിത്തം മറന്ന് മുഖ്യമന്ത്രി സില്‍വര്‍ ലൈനിന് പിന്നാലെ നടക്കുന്നു. കേരളത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണോ സില്‍വര്‍ ലൈന്‍? അതാണോ കേരളത്തിന്റെ മുന്‍ഗണന? എല്ലാ വകുപ്പുകളിലും കുഴപ്പങ്ങള്‍ നില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ ഒന്നാം വര്‍ഷികം ആഘോഷിക്കുന്നത്. ഇതുപോലൊരു കാലം കേരളത്തില്‍ ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. ഈ സാഹചര്യത്തില്‍ ആഘോഷ പരിപാടികള്‍ പിന്‍വലിക്കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.