ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാർ കുട്ടികളോട് സൗഹാർദപരമായി ഇടപഴകണം -ബാലാവകാശ കമീഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാർ കുട്ടികളോട് സഹാനുഭൂതിയോടെയും സൗഹാർദപരമായും ഇടപഴകണമെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ ഉത്തരവായി. ഇത് ഉറപ്പുവരുത്താൻ വനിത-ശിശു വികസന വകുപ്പ് സെക്രട്ടറിയും ഡയറക്ടറും ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും കമീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാറും അംഗം റെനി ആന്റണിയും ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് നിർദേശം നൽകി. മാസത്തിലൊരിക്കൽ എല്ലാ നിർഭയ ഹോമുകളും വനിത-ശിശു വികസന വകുപ്പ് സ്റ്റേറ്റ് കോഓഡിനേറ്ററുടെ മേൽനോട്ടത്തിൽ സന്ദർശിക്കണം. കുട്ടികളുമായി ആശയവിനിമയം നടത്തി കമീഷന് റിപ്പോർട്ട് നൽകണം. നിർഭയ ഹോമുകളിലെ പ്രവർത്ത മാർഗരേഖ സംബന്ധിച്ച് മാതൃഭാഷയിലുളള കൈപ്പുസ്തകം എല്ലാ ഹോമുകളിലെ ജീവനക്കാർക്കും കുട്ടികൾക്കും ലഭ്യമാക്കുകയും ഇതിന്റെ നടപ്പാക്കൽ വനിതാ-ശിശു വികസന വകുപ്പ് സെക്രട്ടറിയും ഡയറക്ടറും സ്റ്റേറ്റ് കോഓഡിനേറ്ററും ഉറപ്പുവരുത്തുകയും വേണം. അതിജീവിതർക്ക് ബുദ്ധിമുട്ടുകൾ എഴുതിയിടുന്നതിന് പെട്ടി സ്ഥാപിക്കണം. മാസത്തിൽ രണ്ട് തവണ ജില്ല ശിശുസംരക്ഷണ ഓഫിസർമാർ അവ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുന്നതിന് വനിത-ശിശുവികസനവകുപ്പ് ഡയറക്ടർ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമീഷൻ നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.