മെഡിക്കൽ കോളജ് പരിസരത്ത്​ റമദാൻ നോമ്പ് കഞ്ഞി വിതരണവുമായി സത്കർമ

തിരുവനന്തപുരം: റമദാൻ വ്രതനാളുകളിൽ മെഡിക്കൽ കോളജ്, എസ്.എ.ടി ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പ് കഞ്ഞി മുടങ്ങാതെ എത്തിച്ച്​ സത്കർമ ചാരിറ്റബിൾ ഫൗണ്ടേഷൻ. നോമ്പ് തുടങ്ങിയ ആദ്യ വെള്ളിയാഴ്ചയിലെ കഞ്ഞി വിതരണം അഭിനേതാവും മാധ്യമപ്രവർത്തകനുമായ ഡി.ടി. രാഗീഷ് രാജ ഉദ്‌ഘാടനം ചെയ്തു. പൂന്തുറ പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടന കഴിഞ്ഞ ആറുവർഷമായി നോമ്പ് കാലങ്ങളിൽ കഞ്ഞി വിതരണം നടത്തുന്നുണ്ട്. കോവിഡ് പ്രതിസന്ധിയിലും സത്കർമയുടെ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ സംഘടിപ്പിച്ചിരുന്നു. പള്ളിത്തെരുവിലെ സത്കർമ ഓഫിസിന്​ മുന്നിൽ തയാറാക്കുന്ന കഞ്ഞി വൈകീട്ട്​ നാലരയോടെ ഫൗണ്ടേഷൻ അംഗങ്ങൾ ആശുപത്രിക്ക്​ മുന്നിൽ എത്തിക്കും. വ്യാഴാഴ്ചകളിൽ പൊതിച്ചോർ വിതരണവും നടത്തുന്നുണ്ട്. ഇതോടൊപ്പം തെരുവിൽ കഴിയുന്നവർക്കും പൊതിച്ചോറ്​ എത്തിക്കുന്നുണ്ട്. ചികിത്സ സഹായം, വിവാഹ സഹായം, വീട് നിർമിച്ച് നൽകൽ തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുന്നു. 25 കുടുംബങ്ങളെ ഏറ്റെടുത്തു 1500 രൂപയുടെ ഭക്ഷണസാധനങ്ങളും പെൻഷനും നൽകുന്ന പദ്ധതി പരിഗണനയിലുണ്ടെന്ന്​ ചെയർമാൻ ബഷീർ സത്കർമ പറഞ്ഞു. ജനറൽ സെക്രട്ടറി ഷിഹാസ്, ട്രഷറർ നവാസ്, ജോയൻറ് സെക്രട്ടറി അബ്ദുൽ മനാഫ്, വൈസ് ചെയർമാൻ രാജീവ്, കനിവ് ചാരിറ്റബിൾ ഫൗണ്ടേഷൻ കോഓഡിനേറ്റർ ടി. ഇസ്ഹാഖ് എന്നിവരും നോമ്പ്​ കഞ്ഞി വിതരണ ചടങ്ങിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.