നഗരത്തിൽ മാലിന്യം വലിച്ചെറിയുന്ന സംഘങ്ങൾ സജീവം

അമ്പലത്തറ: മാലിന്യം നിക്ഷേപിക്കുന്നതിന്​ പലയിടത്തും എയ്​റോബിനുകള്‍ സ്ഥാപിച്ചെങ്കിലും മാലിന്യം ചാക്കില്‍ കെട്ടിനിരത്തുകളില്‍ വലിച്ചെറിയുന്ന സംഘങ്ങള്‍ സജീവം. ഇത്തരം സംഘങ്ങളെ പിടികൂടാൻ നഗരസഭ നിയോഗിച്ച താല്‍ക്കാലിക ജീവനക്കാരുടെ പ്രവര്‍ത്തനം നിര്‍ജീവമാണ്​. നിരീക്ഷണ ചുമതലയുള്ള നഗരസഭ ഹെല്‍ത്ത് സ്ക്വാഡിന്‍റെ പ്രവര്‍ത്തനവും ഫലപ്രദമല്ല. മാലിന്യം തള്ളുന്നത്​ തടയാൻ നിയോഗിക്കപ്പെട്ട ജീവനക്കാരില്‍ ഭൂരിപക്ഷവും നഗരസഭ ഭരിക്കുന്ന പാര്‍ട്ടിയുടെ ആളുകളാണ്. ഇവരെ നിയോഗിച്ച സ്ഥലങ്ങളില്‍ പേരിനുപോലും എത്താതെയാണ് ഇവര്‍ കൂലി വാങ്ങുന്നത്. ഇവരുടെ കൃത്യനിർവഹണം പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധനക്ക് ഇറങ്ങാറുണ്ടെങ്കിലും നടപടികളുണ്ടാകുന്നില്ലത്രെ. ഈ സാഹചര്യം മുതലാക്കി രാത്രി മാലിന്യം പൊതുനിരത്തിലും പാർവതീ പുത്തനാറിലും തള്ളിയശേഷം കടക്കുന്ന സംഘങ്ങള്‍ നിരവധിയാണ്. ഫ്ലാറ്റുകള്‍, അറവുശാലകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍നിന്ന്​ കൂലിക്ക് മാലിന്യം ശേഖരിക്കുന്ന സംഘങ്ങളാണ് രാത്രി പൊതുസ്ഥലങ്ങളിൽ തള്ളുന്നത്​. ഇതുമൂലം ബൈപാസിലെ ഓടകള്‍ മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി മാറി. ലക്ഷങ്ങള്‍ മുടക്കി നവീകരണം നടത്തിവരുന്ന പുത്തനാറില്‍ വീണ്ടും മാലിന്യം തള്ളുന്നു. അറവുമാലിന്യം തള്ളുന്നതുമൂലം ഇവിടം ദുര്‍ഗന്ധപൂരിതമാണ്​. കൊതുകു​ ശല്യവും വർധിച്ചു. ഉറവിട മാലിന്യ സംസ്കരണത്തിനായി കിച്ചണ്‍ബിന്നുകളും തുമ്പൂര്‍മൂഴി മാതൃകയിലുള്ള എയ്റോബിക് ബിന്നുകളും അജൈവ മാലിന്യ പരിപാലനത്തിനായി റിസോഴ്സ് റിക്കവറി സെന്‍ററുകളും സ്ഥാപിച്ചെന്ന് നഗരസഭ അവകാശപ്പെടുന്നുണ്ടെങ്കിലും പൊതുസ്ഥലത്തെ മാലിന്യനിക്ഷേപത്തിന്​ അറുതിയില്ല. വിമാനത്താവള പരിസരങ്ങളില്‍ മാലിന്യം നിക്ഷേപിക്കരുതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബോര്‍ഡിന് താഴെപോലും മാലിന്യം തള്ളുന്നു. ഇതിനു പുറമേ, കടലിലേക്കും മാലിന്യം വലിച്ചെറിയുന്നു. ഇതു മത്സ്യബന്ധനത്തിനു​ ഭീഷണിയാണ്. തമിഴ്​നാട്ടില്‍നിന്ന്​ എത്തിയ സംഘങ്ങളാണ് കൂലിക്ക് മാലിന്യം തീരത്ത് കൊണ്ടുവന്ന് തള്ളുന്നത്. ഇതില്‍ അധികവും മാംസാവശിഷ്ടങ്ങളായതിനാല്‍ നായ്ക്കള്‍ കൂട്ടമായി തീരത്ത്​ തമ്പടിച്ചിരിക്കുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.