കഴക്കൂട്ടത്ത് യുവാവിനെ ബോംബെറിഞ്ഞ കേസിൽ നാലുപേർ അറസ്റ്റിൽ

കഴക്കൂട്ടം: കഴക്കൂട്ടം മേനംകുളത്ത് യുവാവിനെ ബോംബറിഞ്ഞ് കാൽ തകർത്ത സംഭവത്തിൽ നാലുപേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റു ചെയ്തു. തുമ്പ സ്വദേശി ലിയോൺ ജോൺസൺ (29), കുളത്തൂർ സ്റ്റേഷൻകടവ് സ്വദേശി അഖിൽ (21), വലിയവേളി സ്വദേശി രാഹുൽ പിന്റോ (23), വെട്ടുകാട് ബാലനഗർ സ്വദേശി ജോഷി (23) എന്നിവരെയാണ് അറസ്റ്റ്​ ചെയ്തത്. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് പ്രതികളെ പിടികൂടിയത്. ഇതിൽ മൂന്നുപേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ഇവരെ ആക്രമണത്തിനയച്ചത് നിരവധി കേസുകളിൽ പ്രതിയായ ലിയോൺ ജോൺസനാണെന്ന്​ പൊലീസ്​ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ വീടിന്​ സമീപം സംസാരിച്ചു നിന്ന യുവാക്കൾക്കുനേരെ ബൈക്കിലെത്തിയ മൂന്നംഗസംഘം ബോംബെറിയുകയായിരുന്നു. തുമ്പ രാജീവ് ഗാന്ധിനഗർ സ്വദേശിയായ രാജൻ ക്ലീറ്റസിന്റെ വലതുകാൽ ബോംബേറിൽ പൂർണമായും തകർന്നു. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സുനിൽ, സിജു എന്നീ സുഹൃത്തുക്കളുമായി രാജൻ ക്ലീറ്റസ് സംസാരിച്ചു നിൽക്കുമ്പോഴാണ് ബോംബേറ് നടന്നത്. ലിയോൺ ജോൺസന് സുനിലുമായുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സുനിലിനുനേരെ എറിഞ്ഞ നാടൻ ബോംബാണ് രാജന്റെ കാലിൽ വീണത്. അക്രമിസംഘത്തിനെ കണ്ട് സുനിലും സിജുവും ഓടി രക്ഷപ്പെട്ടു. വാളുമായി ബൈക്കിൽ നിന്നിറങ്ങി കൊലവിളി നടത്തിയാണ് സംഘം മടങ്ങിയത്. പ്രതികളെല്ലാം മയക്കുമരുന്നടക്കമുള്ള നിരവധി ക്രമിനൽ കേസുകളിൽ പ്രതികളാണ്. സുനിലും സംഘവും ലിയോണിന്റെ മയക്കുമരുന്ന്​ കച്ചവടം എതിർത്തതാണ് മുൻ വൈരാഗ്യത്തിന് കാരണമായി പൊലീസ് പറയുന്നത്. കടയ്ക്കാവൂരിൽ മയക്കുമരുന്ന്​ കേസിൽ അറസ്റ്റിലായ ലിയോൺ കഴിഞ്ഞയാഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്. ഫോറൻസിക് സയന്റിഫിക് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. സംഭവം നടന്നയുടൻ കഴക്കൂട്ടം സൈബർ സിറ്റി അസി.കമീഷണർ സി.എസ്. ഹരി, കഴക്കൂട്ടം എസ്.എച്ച്.ഒ ജെ.എസ്. പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടാനായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.