ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് ആംബുലൻസിൽ സുഖപ്രസവം

വിഴിഞ്ഞം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം. വിഴിഞ്ഞം അടിമലത്തുറ പുറമ്പോക്ക് പുരയിടത്തിൽ യേശുദാസന്റെ ഭാര്യ ആശ (28) യാണ് ആൺ കുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച ഉച്ചക്ക്​ ഒന്നരയോടെയാണ് സംഭവം. ആശക്ക്​ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽനിന്ന് സന്ദേശം വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് രാജേഷ് എസ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിനീഷ് എം.എസ് എന്നിവർ ഉടൻ സ്ഥലത്തെത്തി ആശയെയുംകൊണ്ട്​ ആശുപത്രിയിലേക്ക് തിരിച്ചു. അട്ടക്കുളങ്ങര ഭാഗത്ത്​ എത്തിയപ്പോൾ ആശയുടെ ആരോഗ്യനില വഷളായി. പ്രസവമെടുക്കാതെ മുന്നോട്ടുപോകാനാവില്ലെന്ന് മനസ്സിലാക്കി ആംബുലൻസിനുള്ളിൽ തന്നെ സജ്ജീകരണമൊരുക്കി. 2.35ന് വിനീഷിന്റെ പരിചരണത്തിൽ ആശ പ്രസവിച്ചു. പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി അമ്മക്കും കുഞ്ഞിനും വിനീഷ് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന്, ഇരുവരെയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിച്ചു. ഇരുവരും സുഖമായിരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. യേശുദാസൻ-ആശ ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണിത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിൽ നടക്കുന്ന രണ്ടാമത്തെ പ്രസവമാണിത്​. കാപ്​ഷൻ: പൈലറ്റ് രാജേഷ് എസ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിനീഷ് എം.എസ് എന്നിവർ 108 ആംബുലൻസിന്​ മുന്നിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.