ഭവനനിർമാണത്തിനും കൃഷിക്കും ചെറുകിട വ്യവസായത്തിനും പ്രാധാന്യം നൽകി ചിറയിൻകീഴ് ബ്ലോക്ക് ബജറ്റ്

ആറ്റിങ്ങൽ: ഭവനനിർമാണത്തിനും കൃഷിക്കും ചെറുകിട വ്യവസായത്തിനും പ്രത്യേക പരിഗണന നൽകി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് അഡ്വ. എസ്. ഫിറോസ് ലാൽ അവതരിപ്പിച്ചു. 64,51,85,523 രൂപ വരവും 61,27,95,681 രൂപ ചെലവും 3,23,89,842 രൂപ മിച്ചവുമുള്ളതാണ്‌ ബജറ്റ്. ഭൂരഹിത- ഭവനരഹിതർക്ക് ലൈഫ് പദ്ധതി പ്രകാരമുള്ള വില്ലകൾ നിർമിച്ചുനൽകുന്നതിന് ഒരു കോടി 5 ലക്ഷം, കാർഷികമേഖലക്കും മൃഗ പരിപാലനത്തിനും രണ്ടു കോടി 21 ലക്ഷം, 1000 ആളുകളിൽ അഞ്ചുപേർക്ക് സ്ഥിരം തൊഴിൽ പദ്ധതി പ്രകാരം ചെറുകിട വ്യവസായത്തിന് 32 ലക്ഷം, കുടിവെള്ളം ശുചിത്വം, മാലിന്യ സംസ്കരണം എന്നിവക്ക്​ 70 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക്‌ 39 കോടി രൂപയും മരാമത്ത് പണികൾക്ക് ഒരു കോടി 48 ലക്ഷം രൂപയും സമഗ്ര പൊതുജനാരോഗ്യ പദ്ധതിക്ക് 76,50,695 രൂപയും പട്ടികജാതി ക്ഷേമത്തിന് 6,21,31,400 രൂപയും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് 26,09,000 രൂപയും നീക്കിവെച്ചു. ജനകീയ ലാബ്, ടി.ബി രോഗികൾക്ക് പോഷകാഹാര പദ്ധതി, സ്ത്രീകളിൽ കണ്ടുവരുന്ന കാൻസർ രോഗത്തിന് ഫലപ്രദമായ പദ്ധതി, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് ജെൻഡർ റിസോഴ്സ് സെന്റർ, കാർഷിക മേളയും എക്സിബിഷനും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ചിറയിൻകീഴ് ഫെസ്റ്റ്' മത്സ്യമേഖലയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ, എന്നിവ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ പദ്ധതികളായി ഉൾപ്പെടുത്തിയിട്ടുണ്ട്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. മുരളി, വി. ലൈജു, ആർ. മനോന്മണി, എസ്. ഷീല, എ. താജുന്നിസ, ബി.ഡി.ഒ എൽ. ലെനിൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.