പതിനാറുകാരിയെ ഭീഷണിപ്പെടുത്തി പെൺവാണിഭം: സ്ത്രീകൾ ഉൾപ്പെടെ ആറു പേർ പിടിയിൽ

-ആറു ദിവസത്തോളമാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായത് ബംഗളൂരു: ബംഗളൂരുവിൽ പതിനാറുകാരിയെ ജ്യൂസിൽ മയക്കുമരുന്ന് നൽകി പെൺവാണിഭത്തിന് ഉപയോഗിച്ചശേഷം പിന്നീട് ഭീഷണിപ്പെടുത്തി ദിവസങ്ങളോളം ബലാത്സംഗം ചെയ്ത കേസിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ ആറു പേർ പിടിയിൽ. തയ്യൽ തൊഴിലാളിയായ അഗര സ്വദേശി കലാവതി (52), ബന്ദെപാളയ സ്വദേശി രാജേശ്വരി (50), ഹൊസൂരില്‍ ഓട്ടോമൊബൈല്‍ കമ്പനിയിലെ ഡെപ്യൂട്ടി മാനേജരായ കേശവമൂര്‍ത്തി (47), കോറമംഗല സ്വദേശി സത്യരാജു (43), യെലഹങ്ക സ്വദേശി ശരത് (38), ബേഗൂര്‍ സ്വദേശി റഫീഖ് (38) എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ ദിവസവേതന തൊഴിലാളികളായി ജോലി ചെയ്യുകയാണ് ഇതര ജില്ലയിൽനിന്നുള്ള പെൺകുട്ടിയുടെ മാതാപിതാക്കൾ. സ്കൂൾ വിട്ടുവന്നശേഷം പെൺകുട്ടി രാജേശ്വരിയുടെ വീട്ടിൽ തയ്യൽ പഠിക്കാൻ പോയിരുന്നു. ഒരു ദിവസം രാജേശ്വരി പെൺകുട്ടിയെ വീടിന്‍റെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി. പെൺകുട്ടി അബോധാവസ്ഥയിലായെന്ന് ഉറപ്പുവരുത്തിയശേഷം രാജേശ്വരി പ്രതികളിലൊരാളായ കേശവമൂർത്തിയെ വിളിച്ചുവരുത്തി. തുടർന്ന് കേശവമൂർത്തി പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി. രണ്ടു ദിവസത്തിനുശേഷം വീണ്ടും രാജേശ്വരി പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചെങ്കിലും പോകാൻ തയാറായില്ല. എന്നാൽ, ഭീഷണിപ്പെടുത്തി കലാവതിയുടെ വീട്ടിലേക്ക് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി. ഇവിടെവെച്ച് ആറു ദിവസത്തോളം കാലാവതിയും രാജേശ്വരിയും പെൺകുട്ടിയെ പലർക്കും കൈമാറി. നിരവധി പേരാണ് തുടർച്ചയായി പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ മാതാവ് പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് എച്ച്.എസ്.ആർ ലേഔട്ട് പൊലീസിൽ പരാതി നൽകി. തയ്യൽ ജോലിയുടെ മറവിൽ രാജേശ്വരിയും കലാവതിയും കഴിഞ്ഞ ഏഴു വർഷമായി ലൈംഗിക തൊഴിലിലേർപ്പെട്ടുവരുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇരുവരിൽനിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മറ്റു പ്രതികളെ പിടികൂടിയത്. പോക്സോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകൽ, പെൺവാണിഭം, ബലാത്സംഗം തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരവുമാണ് പൊലീസ് കേസെടുത്തത്. -സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.