ഡി.ജി.പിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്​: അന്വേഷണം ഡൽഹി കേന്ദ്രീകരിച്ച്​

തിരുവനന്തപുരം: സംസ്ഥാന പൊലീസ്‌ മേധാവിയുടെ വ്യാജ വാട്​സ്​ആപ്​ ഉപയോഗിച്ച്‌ കൊല്ലം സ്വദേശിനിയിൽനിന്ന്‌ പണം തട്ടിയ കേസിൽ അന്വേഷണം ഡൽഹിയിലേക്ക്‌ വ്യാപിപ്പിച്ചു. ഡൽഹിയിലെ ലക്ഷ്‌മി നഗർ, ഉത്തംനഗർ എന്നീ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം പുരോഗമിക്കുന്നത്​. ഓൺലൈൻ ലോട്ടറിയടിച്ചെന്ന്‌ വിശ്വസിപ്പിച്ചാണ്‌ അധ്യാപികയിൽനിന്ന്‌ 14 ലക്ഷം രൂപ തട്ടിയെടുത്തത്‌. നികുതിയടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്ന്‌ സംസ്ഥാന പൊലീസ്‌ മേധാവിയുടെ വ്യാജ വാട്​സ്​ആപ്പിൽനിന്ന്‌ അധ്യാപികക്ക്​ സന്ദേശം വന്നിരുന്നു. ഇതിനെതുടർന്നാണ്‌ ഇവർ പണം നൽകിയത്‌. അസം സ്വദേശിയുടെ പേരിലെടുത്ത കണക്​ഷൻ മുഖേനയാണ്​ ഇത്തരത്തിൽ വ്യാജ അക്കൗണ്ട്​ ഉണ്ടാക്കിയതെന്ന്​ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഡൽഹി കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന സംഘമാണ്​ ഈ തട്ടിപ്പിന്​ പിന്നിലെന്നാണ്​ പ്രാഥമിക വിലയിരുത്തൽ. അതിന്‍റെ അടിസ്ഥാനത്തിലാണ്​ അന്വേഷണം. പ്രതികൾ വാട്സ്​ആപ്​ സന്ദേശമയച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികൾ ഡൽഹിയിലുണ്ടെന്ന സൂചന ലഭിച്ചത്‌. മൊബൈൽ ടവർ, കോൾ രജിസ്റ്റർ എന്നിവയെ പിന്തുടർന്നാണ്‌ സൈബർ പൊലീസ്‌ ഡിവൈ.എസ്‌.പി ശ്യാംലാലിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നത്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.