സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ 'ഇക്കണോമിക്​ ഒഫൻസസ്​ വിങ്'​ ഉടൻ

തിരുവനന്തപുരം: സംസ്ഥാനത്ത്​ സാമ്പത്തിക കുറ്റകൃത്യങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ 'ഇക്കണോമിക് ഒഫൻസസ്​ വിങ്'​ ഉടൻ പ്രവർത്തനമാരംഭിക്കും. കേരള പൊലീസിന്​ കീഴിൽ സ്വതന്ത്ര ചുമതലയോടെ പ്രവർത്തിക്കുന്ന സംവിധാനത്തിന്‍റെ ഘടനക്ക്​ ഏറക്കുറെ രൂപമായി. ഉടൻ നിലവിൽ വരുമെന്ന്​ ആഭ്യന്തരവകുപ്പ്​ വൃ​ത്തങ്ങൾ പറഞ്ഞു. നിലവിൽ ഇത്തരം പരാതികൾ ലോക്കൽ പൊലീസ്​ സ്​റ്റേഷനുകളിലാണ്​ നൽകുന്നത്​​. കേസിന്‍റെ സ്വഭാവം അനുസരിച്ച്​ അന്വേഷണം ക്രൈംബ്രാഞ്ചിന്​ കൈമാറും​. എന്നാൽ മറ്റ്​ പല സംസ്ഥാനങ്ങളിലും സാമ്പത്തിക കുറ്റങ്ങൾ പ്രത്യേകമായി അന്വേഷിക്കാൻ സംവിധാനമുണ്ട്​​. കേരളത്തിലും ഈ സംവിധാനം വേണമെന്ന ശിപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു​. പൊലീസ്​ ആസ്ഥാനം കേന്ദ്രീകരിച്ച്​ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും ചുമതല. എസ്​.പി, ഡിവൈ.എസ്​.പി, സി.ഐ റാങ്കുകളിലുള്ള ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കും. എല്ലാ ജില്ലകളിലും പരാതികൾ സ്വീകരിക്കാൻ സംവിധാനം ഏർപ്പെടുത്തും​. പ്രായോഗികമല്ലെങ്കിൽ ഓൺലൈനായി സ്വീകരിക്കും. ആധുനിക സാ​ങ്കേതികസംവിധാനങ്ങളുടെ സഹായത്തോടെയായിരിക്കും അന്വേഷണം. പല സാമ്പത്തിക തട്ടിപ്പുകൾക്കും നേതൃ​ത്വം നൽകുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നത്​ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുനിന്നാണ്​. നിലവിലെ സംവിധാനത്തിൽ കുറ്റവാളികളെ കണ്ടെത്തുക ശ്രമകരമായതിനാലാണ്​ കൂടുതൽ അധികാരത്തോടെ പുതിയ വിഭാഗത്തിന്​ രൂപം നൽകുന്നത്​. ബിജു ചന്ദ്രശേഖർ ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.