വര്‍ക്കല - പൊന്മുടി ടൂറിസം പാക്കേജിനായി ചെല്ലഞ്ചിപ്പാലമൊരുങ്ങുന്നു

പാലോട്: തീരദേശ വിനോദസഞ്ചാര കേന്ദ്രമായ വര്‍ക്കലയെയും ഹിൽസ്റ്റേഷനായ പൊന്മുടിയെയും ബന്ധിപ്പിച്ച്​ പുതിയ ടൂറിസം പാക്കേജിന് തുടക്കമാകുന്നു. വാമനപുരം നദിക്കു കുറുകെയുള്ള ചെല്ലഞ്ചിപ്പാലത്തിനെ ഇടത്താവളമാക്കിയാണ് ടൂറിസം പ്രമോഷന്‍ കൗണ്‍സിലും വാമനപുരം ബ്ലോക്ക് പഞ്ചായത്തും കൈകോര്‍ക്കുന്ന പുതിയ ടൂറിസം പദ്ധതി. പൊന്മുടി യാത്രക്കുള്ള ഇടത്താവളമെന്ന നിലയില്‍ ചെല്ലഞ്ചിപ്പാലത്തിനെ വികസിപ്പിക്കുകയാണ് വാമനപുരം ബ്ലോക്ക് പഞ്ചായത്ത്. പാലത്തിന്റെ സൗന്ദര്യവത്​കരണത്തിനായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം അറിയിച്ചു. പാലത്തില്‍ നിന്ന്​ നദിയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ക്ക് ഇരിപ്പിടങ്ങളും കുട്ടികള്‍ക്കായി പാര്‍ക്കും നിര്‍മിക്കും. നിരീക്ഷണത്തിനായി സി.സി.ടി.വി കാമറാ സംവിധാനവും സഞ്ചാരികള്‍ക്കുവേണ്ടി കഫ്തീരിയയും ഒരുക്കും. പാലത്തിനിരുവശത്തുമുള്ള റോഡ് ആധുനിക രീതിയില്‍ വികസിപ്പിക്കുന്നതിനായി 28.69 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് ഡി.കെ. മുരളി എം.എല്‍.എയും അറിയിച്ചു. ചെല്ലഞ്ചിപ്പാലത്തിലൂടെ പുതിയ പാക്കേജ് വരുമ്പോള്‍ ആറ്റിങ്ങൽ വെഞ്ഞാറമൂട് നന്ദിയോട് വിതുര വഴി പൊന്മുടിയില്‍ എത്താം. നന്ദിയോട്, കല്ലറ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് വാമനപുരം നദിക്ക് കുറുകെ 148.25 മീറ്റര്‍ നീളത്തില്‍ പണിതിരിക്കുന്ന പാലമാണ് ചെല്ലഞ്ചിപ്പാലം. ഫോേട്ടാ: ചെല്ലഞ്ചിപ്പാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.