ആറ്റുകാൽ പൊങ്കാല വീടുകളില്‍ മാത്രം

തിരുവനന്തപുരം: കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞവർഷത്തിന്​ സമാനമായി ഇത്തവണയും ആറ്റുകാൽ പൊങ്കാല അര്‍പ്പിക്കല്‍ വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തി. വ്യാഴാഴ്ച രാവിലെ ക്ഷേത്രത്തിലെ പണ്ടാരഅടുപ്പില്‍ പൊങ്കാല അര്‍പ്പിക്കും. എന്നാല്‍ ദേവിയെ വണങ്ങാനും മാനസപ്പൊങ്കാല അര്‍പ്പിക്കാനും ക്ഷേത്രത്തിലേക്ക് നിത്യേന നിരവധി ഭക്തരാണ് എത്തുന്നത്. പൊങ്കാല ഉത്സവവേളയില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു. ദര്‍ശനത്തിനെത്തുന്നവര്‍ സ്വന്തം ചെലവില്‍ എടുത്ത 72 മണിക്കൂറിനുള്ളിലെ ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവായ സര്‍ട്ടിഫിക്കറ്റോ മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് പോസിറ്റിവായ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് കുടുംബാംഗങ്ങളോടൊപ്പം ദര്‍ശനം നടത്താം. താലപ്പൊലി നേര്‍ച്ചയുള്ളവര്‍ക്ക് ക്ഷേത്രത്തിലെ കൗണ്ടറില്‍ നിന്ന് ടിക്കറ്റുകള്‍ മുന്‍കൂറായി ലഭിക്കും. പൊങ്കാലദിവസമായ 17ന് വൈകീട്ട് ആറിന് മുമ്പായി താലപ്പൊലി നേര്‍ച്ചക്കാര്‍ ക്ഷേത്രത്തില്‍ എത്തണം. പൊങ്കാല ദിവസം രാത്രി 10.30ന് ദേവിയെ പുറത്തേക്ക് എഴുന്നെള്ളിക്കുമ്പോഴും പിറ്റേന്ന് തിരിച്ചെഴുന്നെള്ളിക്കുമ്പോഴും ചുറ്റമ്പലത്തിനകത്ത് തട്ടം നിവേദ്യം, പുഷ്പവൃഷ്ടി, കര്‍പ്പൂരാരതി എന്നിവ അനുവദിക്കുകയില്ലെന്ന് ട്രസ്റ്റ് അറിയിച്ചു. മണക്കാട് ശാസ്താവിനെ ആചാരപൂർവം ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു തിരുവനന്തപുരം: പൊങ്കാല മഹോത്സവത്തിന്‍റെ ആറാം ദിവസം ആചാരപ്രകാരം മണക്കാട് ശാസ്താവിനെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ആറ്റുകാല്‍, മണക്കാട് ക്ഷേത്രങ്ങള്‍ക്കിടയിലെ ആചാരപരമായ വിശ്വാസത്തെ തുടര്‍ന്നാണ് ശാസ്താവിനെ എഴുന്നള്ളിക്കുന്നത്. ആറ്റുകാല്‍ ഭഗവതിയുടെ സഹോദരസ്ഥാനമാണ് മണക്കാട് ശാസ്താവിനുള്ളതെന്നാണ്​ ഐതിഹ്യം. ആറ്റുകാലില്‍ ഉത്സവം തുടങ്ങി നാലാംനാള്‍ മണക്കാട് ശാസ്താക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറും. അതിന് മൂന്നാംനാളാണ് ശാസ്താവിന്‍റെ സോദരീദര്‍ശനയാത്ര. തിങ്കളാഴ്ച വൈകീട്ട് നാലോടെ ശാസ്താവിനെ ആറ്റുകാലിലേക്ക് എഴുന്നള്ളിച്ചു. ഈ സമയം ക്ഷേത്രനട അടച്ചിരുന്നു. മുന്‍ഭാഗത്ത് ക്ഷേത്രം ട്രസ്റ്റ് തട്ടപൂജയൊരുക്കി എഴുന്നള്ളത്തിനെ വരവേറ്റു. പൂജക്കുശേഷം ശാസ്താവിനെ മടക്കിയെഴുന്നള്ളിച്ചു. നട അടച്ചിരുന്നതിനാല്‍ ശാസ്താവ് പിണങ്ങിപ്പോകുന്നുവെന്നാണ് ഭക്തരുടെ വിശ്വാസം. കൊഞ്ചിറവിള, ആര്യൻകുഴി, വെള്ളായണി, ആറ്റുകാല്‍ മുത്താരമ്മന്‍ എന്നീ ക്ഷേത്രങ്ങള്‍ക്കും മണക്കാട് ശാസ്താവ് സഹോദരസ്ഥാനീയനാണെന്നാണ്​ വിശ്വാസം. ഈ ക്ഷേത്രങ്ങളിലെ ഉത്സവത്തിന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കും മണക്കാട്​ നിന്ന് ഉത്സവദിവസങ്ങളില്‍ മറ്റ് ക്ഷേത്രങ്ങളിലേക്കും പുറത്തെഴുന്നള്ളിക്കുന്ന പതിവുണ്ട്. മധുരാനഗരിയിലെ രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചെന്ന കുറ്റം ചുമത്തി പാണ്ഡ്യരാജാവ് കോവലനെ വധിക്കുന്ന ഭാഗമാണ് തിങ്കളാഴ്ച തോറ്റംപാട്ടുകാര്‍ പാടിയത്. കോവലന്‍റെ മരണവാര്‍ത്ത അറിഞ്ഞ ദേവി കൈലാസത്തില്‍ പോയി ശിവനില്‍ നിന്ന്​ വരം വാങ്ങി കോവലനെ ജീവിപ്പിക്കുന്നു. ഇതിന്റെ ദുഃഖസൂചകമായി ചൊവ്വാഴ്ച രാവിലെ വൈകിയാണ് ക്ഷേത്രനട തുറക്കുന്നത്. രാവിലെ ഏഴുമണിക്ക് പള്ളിയുണര്‍ത്തലും 7.30ന് നിര്‍മാല്യദര്‍ശനവും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.